manmohan-singh-demise

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് ഏഴു ദിവസം ദേശീയ ദുഖാചരണം. ഇന്ന് നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. രാവിലെ കേന്ദ്രമന്ത്രിസഭായോഗം ചേരും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.

 

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും മന്‍മോഹന്‍ സിങിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ സാമ്പത്തികനയത്തില്‍ മുദ്ര പതിപ്പിച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ പ്രയത്നിച്ച വ്യക്തിയെന്നും നരേന്ദ്രമോദി. ഭാരതത്തിന്‍റെ ഏറ്റവും മഹത്തായ പുത്രന്‍മാരില്‍ ഒരാള്‍ക്ക് ആദരാഞ്ജലികളെന്ന് രാഷ്ട്രപതി. തനിക്ക് ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി.

രാജ്യത്തിന് തീരാനഷ്ടമെന്ന് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ മുന്നോട്ട് നയിച്ച നേതാവെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. രാജ്യഭരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. മന്‍മോഹന്‍സിങ്ങിന്‍റെ ജീവിതം എന്നും പ്രചോദനമെന്ന് പ്രിയങ്ക ഗാന്ധിയും അനുശോചിച്ചു. ദീര്‍ഘദര്‍ശിയായ നേതാവിനെ നഷ്ടമായെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഭരണഘടനയോടുള്ള കൂറ് എക്കാലവും കാത്തുസൂക്ഷിച്ച വ്യക്തിയെന്ന് പിണറായി വിജയന്‍. സ്വതന്ത്ര ഇന്ത്യകണ്ട മികച്ച ഭരണാധികാരികളില്‍ ഒരാളെന്ന് വി.ഡി.സതീശന്‍.

ഡൽഹി എയിംസില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മന്‍മോഹന്‍ സിങിന്‍റെ അന്ത്യം. ഇന്ന് വൈകുന്നേരമാണ് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന് വിരമിച്ചത്. 2004-14 കാലഘട്ടത്തിൽ തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയായ് അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയുടെ ഉദാരവൽക്കരണത്തിന്റെ ഉപജ്‌ഞാതാവായി വിശേഷിപ്പിക്കാവുന്ന സാമ്പത്തിക വിദഗ്ധനാണ് മന്‍മോഹന്‍ സിങ്. പുത്തൻ സമ്പത്തികനയത്തിന്റ ശില്പി എന്നറിയപ്പെടുന്ന ധനകാര്യമന്ത്രി. റിസർവ് ബാങ്ക് ഗവർണർ (1982 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടർ (1985), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ (1985 87), ധനമന്ത്രി (1991 96), രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് (1998– 2004) , യുജിസി അധ്യക്ഷൻ തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചു.

സാമ്പത്തിക നയങ്ങൾക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾ, കാർഷികവായ്പ എഴുതിത്തളളൽ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, യൂണിക്ക് െഎഡ‍റ്റിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ രൂപികരണം, വിവരാവകാശ നിയമം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് മന്‍മോഹന്‍ സിങ്.

ENGLISH SUMMARY:

National mourning of 7 days to be declared on former Prime Minister Manmohan Singh's demise. All Government programs scheduled tomorrow are to be cancelled.