രാജ്യത്ത് ഈ വര്‍ഷം നടന്ന ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ പരസ്യപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍മാരുടെ എണ്ണം മുതല്‍ ഓരോ മണ്ഡലത്തിലും പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ടുകള്‍ വരെ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ മറച്ചുവയ്ക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡേറ്റ പുറത്തുവിട്ടത്.
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 42 റിപ്പോര്‍ട്ടുകളും നാല് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് 56 റിപ്പോര്‍ട്ടുകളുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. രേഖകള്‍ പ്രകാരം ലോക്സഭ തിരഞ്ഞെടുപ്പില്‍ 97.97 കോടി വോട്ടര്‍മാരാണ് രാജ്യത്തുണ്ടായിരുന്നത്. ഇതില്‍ 64.64 കോടി പേര്‍ വോട്ട് രേഖപ്പെടുത്തി. വനിതാ വോട്ടര്‍മാരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായി. ആകെയുള്ള 97.97 കോടി വോട്ടര്‍മാരില്‍ 47.63 കോടിയും വനിതകളായാരുന്നു. പുതുച്ചേരിയിലും കേരളത്തിലുമാണ് കൂടുതല്‍ വനിതാ വോട്ടര്‍മാര്‍. വോട്ടിങ് ശതമാനത്തില്‍ പുരുഷന്‍മാരെ സ്ത്രീകള്‍ മറികടന്നു എന്നതും ശ്രദ്ധേയം. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടുകളിലുംവര്‍ധനയുണ്ടായി. 48324 ട്രാന്‍സ്ജെന്‍ഡര്‍മാരാണ് വോട്ടുചെയ്തത്. അംഗപരിമിതരായ വോട്ടര്‍മാരുടെ എണ്ണം 90.28 ലക്ഷമായി ഉയര്‍ന്നു. ആകെയുണ്ടായിരുന്ന 10,52,664 പോളിങ് ബൂത്തുകളില്‍ റീ പോളിങ് വേണ്ടിവന്നത് 40 എണ്ണത്തില്‍ മാത്രം. ആകെ പോള്‍ചെയ്ത വോട്ടിന്‍റെ 63.35 ശതമാനവും ആറ് ദേശീയ പാര്‍ട്ടികള്‍ക്കാണ് ലഭിച്ചത് എന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുന്നു.