മതനിന്ദയെന്ന ആരോപണത്തെ തുടര്‍ന്ന് 1988ല്‍ ഇന്ത്യയില്‍ നിരോധിച്ച, സല്‍മാന്‍ റുഷ്ദിയുടെ ‘ദ് സാത്താനിക് വേഴ്സസ്’ എന്ന നോവല്‍ വീണ്ടും വിപണിയില്‍. നിരോധനം നിലനില്‍ക്കില്ലെന്ന ഹൈക്കോടതി വിധിക്കുപിന്നാലെയാണ് ഡല്‍ഹിയിലെ പുസ്തകശാലയില്‍ നോവല്‍ വില്‍പനയ്ക്ക് എത്തിയത്
1988 ല്‍ പ്രസിദ്ധീകരിച്ച സാത്താനിക് വേഴ്സസ് എന്ന നോവല്‍ ലോകമാകെ ഉയര്‍ത്തിയ കോളിളക്കം ചെറുതല്ല. മതനിന്ദയുണ്ടെന്ന ആരോപണത്തിന് പിന്നാലെ പലയിടത്തും അക്രമം അരങ്ങേറി. നോവല്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ഹിതോഷി ഇഗരാഷി കൊല്ലപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ ഇന്ത്യയിലും നോവല്‍ നിരോധിച്ചു. ഇപ്പോള്‍ മൂന്നരപ്പതിറ്റാണ്ടിനുശേഷം ഡല്‍ഹിയിലെ ബഹ്‌രിസണ്‍സ് ബുക്സെല്ലേഴ്സ് ആണ് ആ നോവല്‍ വീണ്ടും വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
വിദേശത്ത് അച്ചടിച്ച പരിമിതമായ കോപ്പികളാണ് കടയിലുള്ളത്. ഭീഷണികളോ ആശങ്കയോ കാരണമെന്നറിയില്ല നേരത്തെ പുറമെ കാണുംവിധം പരസ്യമായി പ്രദര്‍ശിപ്പിച്ച നോവല്‍ ഇപ്പോള്‍ ഉള്ളിലേക്ക് മാറ്റിയിരിക്കുന്നു. പ്രതികരണത്തിന് തയാറല്ലെന്ന് കടയുടമകളുംപറയുന്നു. എങ്കിലും ആവശ്യക്കാര്‍ക്ക് കടയില്‍നിന്നും തപാല്‍വഴിയും നോവല്‍ ലഭിക്കും.
നവംബറിലെ ഡല്‍ഹി ഹൈക്കോടതി വിധിയാണ് നോവലിന്‍റെ തിരിച്ചുവരവിന് വഴിവച്ചത്. നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ നിരോധന ഉത്തരവ് ഹാജരാക്കാന്‍ സര്‍ക്കാരിനായില്ല. ഇതോടെ നോവലിന് നിരോധനം ഇല്ലെന്ന വിലയിരുത്തലിലേക്ക് കോടതിയെത്തി.