manmohan

TOPICS COVERED

മന്‍മോഹന്‍ സിങിന്‍റെ സംസ്കാര വിവാദത്തില്‍ ചരിത്രമോര്‍പ്പിച്ച് ആരോപണങ്ങളെ നേരിടാന്‍ നേതാക്കളെ രംഗത്തിറക്കി ബി.ജെ.പി.  മുന്‍പ്രധാനമന്ത്രി നരസിംഹ റാവുവിനെയും മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെയും ആദരിക്കാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ രാഷ്ര്ടീയം  കളിക്കുന്നുവെന്ന് ബി.ജെ.പി നേതാക്കള്‍ തിരിച്ചടിച്ചു.  ജീവിച്ചിരുന്നപ്പോള്‍ മന്‍മോഹന്‍ സിങ്ങിനെ അപമാനിച്ചവരാണ് കോണ്‍ഗ്രസെന്നും ബി.ജെ.പി ആരോപിച്ചു.  

 

മന്‍മോഹന്‍ മന്‍മോഹന്‍ സിങ്ങിനായി രാജ്ഘട്ടിനുസമീപം പ്രത്യേക സ്ഥലം നിഷേധിച്ചെന്നുമാത്രമല്ല സംസ്‌കാര ചടങ്ങിലുടനീളം സർക്കാർ അനാദരവുകാണിച്ചെന്നാണ് കോൺഗ്രസ് ആരോപണം.  സംസ്കാരചടങ്ങിന്‍റെ തല്‍സമയ സംപ്രേഷണത്തിന് ദൂരദർശന് മാത്രമാണ് അനുമതി നൽകിയത്.  കുടുംബാംഗങ്ങളെക്കാൾ കൂടുതൽ കാണിച്ചത് മോദിയെയും അമിത് ഷായെയും.  കുടുംബത്തിന് നൽകിയത് മൂന്നു കസേരകൾ മാത്രം. അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസ്സപ്പെടുത്തി.  ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നൽകുമ്പോഴും പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല.തുടങ്ങി അക്കമിട്ടുനിരത്തുന്നു കോണ്‍ഗ്രസ്.

ആദ്യ സിഖ് പ്രധാനമന്ത്രിയെ സംസ്‌കരിക്കാന്‍ അനുയോജ്യമായ സ്ഥലം നല്‍കാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് ശിരോമണി അകാലിദളും പ്രതികരിച്ചു.  സിഖ് വിഭാഗത്തില്‍നിന്ന് കൂടി അതൃപ്തി ഉയര്‍ന്നതോടെയാണ് ബി.ജെ.പി പ്രതിരോധത്തിലായത്. ബി.ജെ.പി ദേശിയാധ്യക്ഷന്‍ ജെ.പി നഡ്ഡ തന്നെ മറുപടിയുടമായെത്തി. നേതൃത്വത്തിന്‍റെ നിര്‍ദേശമനുസരിച്ച്  കേന്ദ്രമന്ത്രിമാരുള്‍പ്പെടെ മറ്റുനേതാക്കളും   പ്രത്യാക്രമണത്തിനിറങ്ങി.  മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് കോൺഗ്രസ്  അനുയോജ്യമായ സ്മാരകം നിഷേധിച്ചുവെന്നും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ഭാരതരത്‌നയെ പോലും കോൺഗ്രസ് താഴ്ത്തിക്കെട്ടിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആരോപിച്ചു.  പ്രണബ് മുഖർജി മരിച്ചപ്പോള്‍ പ്രവര്‍ത്തക സമിതി ചേര്‍ന്നില്ലെന്നും  അനുശോചന പ്രമേയം പാസാക്കിയില്ലെന്നും മകള്‍ ശർമ്മിഷ്ഠ മുഖർജിയും കുറ്റപ്പെടുത്തി. മന്‍മോഹന്‍ സിങിന്‍റെ ചിതാഭസ്മം കുടുബം യമുനയില്‍ നിമഞ്ജനം ചെയ്തു.