കർഷക ബന്ദിൽ സ്തംഭിച്ച് പഞ്ചാബ്. റോഡ് റെയിൽ ഗതാഗതം പൂർണ്ണമായി തടഞ്ഞാണ് ബന്ദ് നടത്തുന്നത്. ജഗ്ജിത് സിംഗ് ദല്ലേവാളിനെ സുപ്രീംകോടതി നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പഞ്ചാബ് സർക്കാർ ആരംഭിച്ചതോടെ ഖനൗരിയിലെ കർഷകപ്രതിഷേധം ശക്തമായിരിക്കുകയാണ്.
താങ്ങുവില നിയമം ഉറപ്പാക്കണം എന്ന ആവശ്യം ആവർത്തിച്ചാണ് കർഷക സമരം വീണ്ടും ശക്തമാകുന്നത്. ഇതേ ആവശ്യം ഉയർത്തി പഞ്ചാബ് ഹരിയാന അതിർത്തിയായ ഖനൗരിയിൽ. ജഗ്ജിത് സിംഗ് ദല്ലേവാളിൻ്റെ നിരാഹാര സമരം 36 ആം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് പഞ്ചാബിലെ ബന്ദ്.
പഞ്ചാബിലെ ഗതാഗതം , കച്ചവടം,വിദ്യാഭ്യാസമടക്കം എല്ലാ മേഖലകളെയും ബന്ദ് നിശ്ചലം ആയിരിക്കുകയാണ്. നാലുമണിവരെ നീളുന്ന ബന്ദിനെ തുടർന്ന് 163 ട്രെയിൻ സർവീസുകൾ റദ്ദാക്കേണ്ടി വരും എന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. ആകെ 221 ട്രെയിൻ സർവീസുകളെ ബന്ദ് ബാധിക്കും. അതേസമയം ആരോഗ്യസ്ഥിതി മോശമായ ദല്ലേവാളിനെ സുപ്രീംകോടതി നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ പഞ്ചാബ് സർക്കാർ ആരംഭിച്ചു. ആശുപത്രിയിലേക്ക് മാറാൻ തയ്യാറല്ലെന്നാണ് ദല്ലേവാളിന്റെ പ്രതികരണം. എന്തും സംഭവിക്കാമെന്നതി നാൽ കർഷകരെല്ലാം സമരപ്പന്തലിൽ എത്തണമെന്ന് ആഹ്വാനം ചെയ്ത ദല്ലേവാൾ ആവശ്യമംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു വ്യക്തമാക്കി. ഇതോടെ ഖനൗരിയിലെ സമരപ്പന്തൽ കർഷകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.