lucky-grapes

പുതുവര്‍ഷത്തലേന്ന് ഓണ്‍ലൈന്‍ ഡെലിവറി ആപ്പായ ബ്ലിങ്കിറ്റില്‍ മുന്തിരി ഓര്‍ഡര്‍ ചെയ്തത് റെക്കോര്‍ഡ് ആളുകളെന്ന് കമ്പനി. പുതുവര്‍ഷത്തെ മുന്തിരി കഴിച്ച് സ്വീകരിച്ചാല്‍ കാത്തിരിക്കുന്നത് നല്ല കാലമാണെന്ന 'സ്പാനിഷ്' വിശ്വാസമാണ് ഇന്ത്യയില്‍ അതിവേഗം 'വൈറലാ'യത്. പുതുവര്‍ഷ പാര്‍ട്ടികള്‍ക്കായി സാധാരണയായി വീടുകളിലേക്ക് ബിരിയാണിയോ പീത്​സയോ ഒക്കെ വന്‍തോതില്‍ ഓര്‍ഡര്‍ ചെയ്യുന്നത് സ്വാഭാവികമാണ്. ആഘോഷത്തിന് മാറ്റുകൂട്ടാന്‍ 'ചിപ്സും സോഡയു'മെന്ന പോലെ ചാര്‍ട്ടില്‍ മുന്‍പന്തിയിലാണ് മുന്തിരിയുടെയും സ്ഥാനമെന്ന് സിഇഒ വ്യക്തമാക്കി. പതിവ് ദിവസങ്ങളില്‍ വില്‍ക്കുന്നതിന്‍റെ ഏഴിരട്ടി ഓര്‍ഡറുകള്‍ ഇന്നലെ രാത്രി മാത്രം ലഭിച്ചുവെന്നും കമ്പനിയുടെ റിപ്പോര്‍ട്ട്.

SAFRICA-WINE/CHINA

'ഭാഗ്യ മുന്തിരി' വന്ന വഴി

12 മുന്തിരി അര്‍ധരാത്രി 12 മണിക്ക് കഴിച്ച് പുതിയ വര്‍ഷത്തെ സ്വീകരിക്കണമെന്നും 12മാസങ്ങളിലും നല്ലത് മാത്രം സംഭവിക്കുന്നതിനാണ് പന്ത്രണ്ട് മുന്തിരികള്‍ കഴിക്കുന്നതെന്നുമാണ്  സ്പെയിനിലെ വിശ്വാസം. ഏത് മുന്തിരി വേണമെങ്കിലും കഴിക്കാമെന്നും എന്നാല്‍ പച്ച നിറത്തിലുള്ള ഉരുണ്ട മുന്തിരിയാണ് കൂടുതല്‍ ഭാഗ്യം കൊണ്ടുവരുന്നതെന്നാണ് സ്പെയിന്‍കാര്‍ പറയുന്നത്. മുന്തിരി കഴിച്ചതിന് പിന്നാലെ അല്‍പം ഷാംപെയ്​ന്‍ നുണയും. മുന്തിരിയും ഷാംപെയ്നും അകത്താക്കുന്നതിന് മുന്‍പ് ഏറ്റവും പ്രിയപ്പെട്ട ഒരുകാര്യം ആഗ്രഹിക്കണമെന്നും, അത് സംഭവിക്കുമെന്നുമാണ് ആളുകള്‍ പറയുന്നത്. 19–ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് ഈ വിശ്വാസത്തിന് പ്രചാരമേറിയത്. 

വിശ്വാസം പ്രചരിപ്പിച്ചതിന് പിന്നിലൊരു സംഭവകഥയുണ്ട്. അലികാന്‍റയില്‍ മുന്തിരിയുടെ ഉല്‍പാദനം ആ വര്‍ഷം അധികമായി. വൈന്‍ ഇട്ടിട്ടും മുന്തിരി വലിയതോതില്‍ മിച്ചം വന്നതോടെ പുതുവര്‍ഷത്തില്‍ ഐശ്വര്യം വരാന്‍ മുന്തിരി കഴിച്ചാല്‍ മതിയെന്ന 'മുത്തശ്ശിക്കഥ' വൈന്‍ നിര്‍മാതാക്കള്‍ പ്രചരിപ്പിച്ചു. കേട്ടപാതി ആളുകള്‍ മുന്തിരി വാങ്ങിക്കൂട്ടി. പുതുവര്‍ഷം മുന്തിരി കഴിച്ച് ആഘോഷിക്കാന്‍ പതിനായിരങ്ങള്‍ സ്പെയിനില്‍ പലയിടങ്ങളിലും ഒത്തുകൂടാറുണ്ടിപ്പോള്‍. സമൂഹമാധ്യമങ്ങളുടെ വരവോടെ സ്പെയിനും കടന്ന് മുന്തിരി സൗഭാഗ്യം ലോകമെങ്ങും എത്തുകയായിരുന്നു. 

ENGLISH SUMMARY:

Decoding the 12 grapes tradition: In Spain, "las doce uvas de la suerte" or "the 12 grapes of luck" are eaten at midnight to bring good fortune for every month of the year.