ഇത്രയും സാഹസം സ്വപ്നങ്ങളില്‍ മാത്രം എന്നുപറയത്തക്ക ഒരു വിഡിയോദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇലക്ട്രിക് പോസ്റ്റിനു മുകളില്‍ കയറി നാലുപാടും നീളുന്ന വൈദ്യുതകമ്പികള്‍ക്ക് മുകളില്‍ മയങ്ങുന്നയാളുടെ ദൃശ്യം വൈറലാവുകയാണ്. ആന്ധ്രയിലെ മാന്യം ജില്ലയിലെ സിങ്കിപുരത്തുനിന്നുള്ള ദൃശ്യങ്ങളാണിത്. മയങ്ങാന്‍വേണ്ടി പോസ്റ്റില്‍ കയറിയതാണോ അതോ കയറിയപ്പോള്‍ മയങ്ങിയതാണോ എന്നു വ്യക്തമല്ല, രണ്ടാണേലും സ്വബോധത്തിലല്ലെന്ന് വ്യക്തം.
അന്തരീക്ഷത്തില്‍ ഒഴുകിനടക്കുന്ന പോലെയാണ് യുവാവിന്റെ അവസ്ഥ. സകല ദിക്കിലേക്കും വലിച്ചുകെട്ടിയ വൈദ്യതിക്കമ്പികള്‍ക്കു മുകളില്‍ അങ്ങനെ ഒന്നും അറിയാതെ കിടക്കുകയാണ്. ഇതുകണ്ട് പരിഭ്രമത്തിലായ നാട്ടുകാരെയാണ് താഴെ കാണാനാവുക. ചൊവ്വാഴ്ച്ചയാണ് സംഭവം. കണ്ടുനിന്ന ആളുകള്‍ പലതവണ ഇയാളോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കണ്ണുകള്‍ക്ക് മീതെ കയ്യുംവച്ച് ഒറ്റക്കിടപ്പായിരുന്നു. മദ്യപിച്ചാണ് ഈ സാഹസമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അപകടസാഹചര്യം മുന്‍പില്‍ കണ്ട നാട്ടുകാര്‍ ട്രാന്‍സ്ഫോര്‍മര്‍ ഓഫ് ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ താഴെയിറക്കി. എന്താണ് സംഭവിച്ചതെന്നും എയറില്‍ കിടന്നുറങ്ങിയ വ്യക്തി ആരെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.