ഖരഗ്പുര്‍ ഐഐടിയില്‍ മകനെ കാണാനെത്തിയ മാതാപിതാക്കള്‍ ഹോസ്റ്റല്‍ മുറിയില്‍ മുട്ടിവിളിച്ചപ്പോള്‍ കണ്ടത് മൃതദേഹം. മൂന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഷാവോണ്‍ മാലിക്കിന്‍റെ മാതാപിതാക്കള്‍ക്കാണ് ഈ ദുര്യോഗം ഉണ്ടായത്. എല്ലാ ഞായറാഴ്ചയും മകനെ കാണാന്‍ ഇരുവരും ഹോസ്റ്റലിലെത്തും. അങ്ങനെ പതിവുസന്ദര്‍ശനത്തിനെത്തിയതായിരുന്നു ഷാവോണിന്‍റെ അച്ഛനും അമ്മയും. ശനിയാഴ്ച രാത്രിയും അമ്മയുമായി ഷാവോണ്‍ ഫോണില്‍ സംസാരിച്ചിരുന്നു. ‘സാധാരണ പോലെ സന്തോഷത്തോടെയാണ് അവന്‍ സംസാരിച്ചതും കോള്‍ അവസാനിപ്പിച്ചതും. അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പക്ഷേ...’ ആ അമ്മ പൊലീസിനോട് പറഞ്ഞു.
ഞായറാഴ്ച പതിവുപോലെ മകനെ കാണാന്‍ ഐഐടി കാംപസിലെത്തിയ മാതാപിതാക്കള്‍ ഷാവോണെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. ആസാദ് ഹാള്‍ ഹോസ്റ്റലിന്‍റെ ചുമതലയുള്ളവരും വിളിച്ചുനോക്കി. മുറിയില്‍ മുട്ടിവിളിച്ചിട്ട് തുറന്നില്ല. ഒടുവില്‍ കതക് ബലമായി തുറന്ന് അകത്തെത്തിയപ്പോഴാണ് ഷാവോണെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പൊലീസ്, ഫൊറന്‍സിക് സംഘങ്ങള്‍ സ്ഥലത്തെത്തി തെളിവുശേഖരിച്ചു. ഒടുവില്‍ കഴിച്ച ആഹാരത്തിന്‍റേതുള്‍പ്പെടെയുള്ള സാംപിളുകള്‍ ശേഖരിച്ചു.
മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പൂര്‍ണമായി വിഡിയോ ചിത്രീകരണത്തോടെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പുറമേ പരുക്കുകളൊന്നുമില്ല. ആന്തരാവയവങ്ങളുടെ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പശ്ചിം മേദിനിപുര്‍ എസ്പി ധൃതിമാന്‍ സര്‍ക്കാര്‍ പറഞ്ഞു. എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഷാവോണ്‍ കൊല്‍ക്കത്തയിലെ കസ്ബ സ്വദേശിയാണ്. പഠിക്കാന്‍ മിടുമിടുക്കന്‍. ബുദ്ധിശാലി. എല്ലാവരോടും നല്ല പെരുമാറ്റം. ഐഐടിയിലെ ഡ്രാമാ സൊസൈറ്റി അംഗം കൂടിയായിരുന്നു. അങ്ങനെയൊരാള്‍ ഒരുനിമിഷം കൊണ്ട് ഇല്ലാതായതിന്‍റെ നടുക്കത്തിലും അവിശ്വസനീയമായ വേദനയിലുമാണ് സുഹൃത്തുക്കളും സഹപാഠികളും ബന്ധുക്കളും.
ഏതാനും ദിവസങ്ങള്‍ക്കിടെ ഐഐടി ഖരഗ്പുര്‍ കാംപസില്‍ കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമാണ് ഷാവോണിന്‍റേത്. വെള്ളിയാഴ്ച കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്‍റിലെ ജൂനിയര്‍ ടെക്നീഷ്യന്‍ സക്കീര്‍ അലി മൊല്ലയെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ മലയാളി വിദ്യാര്‍ഥിനി ദേവിക പിള്ളയെയും ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.