ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ മഹാകുംഭമേളയ്ക്ക് പ്രയാഗ്‌രാജിൽ തുടക്കം. ആദ്യദിനം 60 ലക്ഷത്തിലേറെ തീർഥാടകർ ത്രിവേണിസംഗമത്തിൽ സ്നാനം ചെയ്തു. ഒന്നര നൂറ്റാണ്ടിനിടെ ഒരിക്കൽ നടക്കുന്ന മഹാകുംഭമേളയിലേക്ക് 40 കോടിയിലേറെ തീര്‍ഥാടകരെത്തുമെന്നാണ് പ്രതീക്ഷ.
പ്രയാഗ്‌രാജിലെ ത്രിവേണി സംഗമ ഭൂമിയിലേക്ക് തീര്‍ഥാടക പ്രവാഹം. പൗഷ് പൗർണ്ണമി സ്നാനത്തോടെ മഹാ കുംഭമേളയ്ക്ക് തുടക്കമായി. ആദ്യദിനം തന്നെ വിശ്വാസത്തിന്‍റെ പുണ്യസ്നാനം നിർവഹിച്ച് തീർഥാടക ലക്ഷങ്ങൾ. 12 പൂർണകുംഭമേളകൾക്കു ശേഷം 144 വർഷത്തിലൊരിക്കലാണ് മഹാകുംഭമേള. സന്യാസിമാര്‍ നദീതീരങ്ങളിലേക്ക് ആചാരപരമായ ഘോഷയാത്ര നടത്തി സ്‌നാനം നിര്‍വഹിക്കുന്ന ഷാഹി സ്‌നാന്‍ ആണ് മഹാകുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങ്. ആറ് പ്രധാന സ്നാന ദിവസങ്ങള്‍. സ്നാനം മോക്ഷം നല്‍കുന്നുവെന്നാണ് തീര്‍ഥാടകരുടെ വിശ്വാസം. ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലാണ് കുംഭമേളയ്ക്ക് സമാപനമാവുക. 4000 ഹെക്ടറിൽ കുംഭനഗരി ഒരുക്കാനും മറ്റ്
സജ്ജീകരണങ്ങൾക്കായി 7,000 കോടി രൂപയാണു സർക്കാർ ചെലവഴിക്കുന്നത്. രണ്ട് ലക്ഷം കോടി വരുമാനം പ്രതീക്ഷിക്കുന്നു. സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങളുമുണ്ട്.