തമിഴ്നാട്ടിലെ പൊങ്കൽ ആഘോഷങ്ങൾക്ക് വീര്യം പകർന്ന് മധുരയിലെ ജല്ലിക്കെട്ട് മത്സരങ്ങൾക്ക് തുടക്കമായി. അവനിയാപുരത്ത് പൊടിപാറും പോരാട്ടങ്ങൾ പുരോഗമിക്കുകയാണ്. വിജയികളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങൾ ആണ്.
തമിഴകത്തിന്‍റെ വീരവിളയാട്ടിന് ആവേശത്തുടക്കം. വാടിവാസലിൽ എത്തിയ ഓരോ മാടുകളെയും വീരന്മാർ വെല്ലുവിളിക്കുകയാണ്. തൈപൊങ്കൽ ദിനത്തിൽ നടക്കുന്ന അവനിയാപുരത്തെ ജെല്ലിക്കേട്ടിൽ 1,100 കാളകളും 900 വീരൻമാരുമാണ് മാറ്റ് ഉരയ്ക്കുന്നത്. ആദ്യ റൗണ്ടിൽ നിന്ന് നിന്ന് 2 പേർക്കും രണ്ടാം റൗണ്ടിൽ നിന്ന 6 പേർക്കും മൂന്നാം റൗണ്ടിൽ നിന്ന് 4 പേർക്കും ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ലഭിച്ചു. ഇത് വരെ 12 പേർക്ക് പരുക്കേറ്റു. ജയിക്കുന്ന വീരന് കാറും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കാളയുടെ ഉടമയ്ക്ക് ട്രാക്ടറുമാണ് സംഘാടകര് സമ്മാനമായി നൽകുക എന്നാണ് വിവരം.
വ്യാജരേഖകളുമായി കൊണ്ട് വന്ന കാളകളെ അയോഗ്യരാക്കി. നാളെ പാലമേടും മറ്റന്നാൾ അലങ്കാനല്ലൂരിലും ആണ് മത്സരം. സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ നടത്തുന്ന മൽസരം കാണാൻ ആയിരങ്ങളാണ് വിവിധ നാടുകളിൽ നിന്ന് എത്തിയിട്ടുള്ളത്.