നാവിക സേനയ്ക്ക് ഇന്ന് ചരിത്ര ദിനം. സേനയുടെ ശക്തി പ്രകടമാക്കി രണ്ട് യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും കമ്മിഷന്‍ ചെയ്തു. ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി എന്നി യുദ്ധക്കപ്പലുകളും ഐഎന്‍സ് വാഗ്ഷീര്‍ എന്ന മുങ്ങിക്കപ്പലും മുംബൈ ഡോക്‌യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു.
സമുദ്രത്തില്‍ രാജ്യത്തിന്‍റെ കരുത്ത് കൂട്ടുന്ന യുദ്ധക്കപ്പലുകള്‍ യാഥാര്‍ഥ്യമാക്കി നാവിക സേന. അത്യാധുനിക ആയുധങ്ങളുടെ കരുത്തുമായി ഐഎന്‍എസ് നീലഗിരിയാണ് ആദ്യത്തേത്. ശത്രുക്കളുടെ റഡാറുകളില്‍ നിന്ന് മറഞ്ഞ് പോകാന്‍ കഴിയുന്ന വാര്‍ഷിപ്പാണിത്. വിശാഖപട്ടണം ക്ലാസില്‍ ഉള്‍പ്പെടുന്ന നാലാമന്‍ ആണ് ഐഎന്‍എസ് സൂറത്ത്. 75 ശതമാനവും തദ്ദേശിയമായി നിര്‍മിച്ച ലോകത്തിലെ തന്നെ വലിയ യുദ്ധക്കപ്പലുകളില്‍ ഒന്ന്. എ.ഐ സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിക്കുന്ന യുദ്ധക്കപ്പല്‍ കൂടിയാണിത്.
വായുവിലൂടെയും വെള്ളത്തിലൂടെയും മിസൈലുകള്‍ തൊടുക്കാനാവുന്ന മുങ്ങിക്കപ്പലാണ് ഐഎന്‍എസ് വാഗ്‌ഷീര്‍. കാവേരി ക്ലാസ് അന്തര്‍വാഹിനികളില്‍ ആറാമത്തേത്. ഇന്ത്യന്‍ നാവിക സേന, രാജ്യാന്തര തലത്തില്‍ രക്ഷകരായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഡോക്‌യാഡില്‍ നടന്ന കമ്മീഷണിങ് ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അടക്കമുള്ളവര്‍ പങ്കെടുത്തു.