സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ബന്ധുവിന്റെ ഭീഷണിയെത്തുടര്‍ന്ന് ടെക്കി ജീവനൊടുക്കി. 25കാരിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ സുഹാസി സിങ് ആണ് മരിച്ചത്. ബംഗളൂരുവില്‍ ജനുവരി 12നായിരുന്നു സംഭവം. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ബന്ധുവായ പ്രവീണ്‍കുമാറിനെ പൊലീസ് അറസ്റ്റ് െചയ്തു.
സുഹാസിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും പെന്‍ ഡ്രൈവിലും മൊബൈലിലും സൂക്ഷിക്കുകയും ചെയ്ത പ്രവീണ്‍ കുമാര്‍ സുഹാസിയെ ഭീഷണിപ്പെടുത്തി ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് കേസ്. പ്രവീണിന്റെ ആഗ്രഹത്തിനൊപ്പം നിന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ മാതാപിതാക്കള്‍ക്കടക്കം അയയ്ക്കുമെന്നതായിരുന്നു പ്രവീണിന്റെ ഭീഷണി.
കെആര്‍ പുരത്തെ എസ്‌വിഎസ് പാരഡൈസ് അപാര്‍ട്ട്മെന്റില്‍ പ്രവീണിനും,ഭാര്യയ്ക്കും, കുടുംബത്തിനുമൊപ്പം കുറച്ചുകാലം സുഹാസി താമസിച്ചിരുന്നു. പതിയെ പ്രവീണും സുഹാസിയും തമ്മില്‍ അടുപ്പത്തിലാവുകയായിരുന്നു. പിന്നീട് സുഹാസി മറ്റൊരാളുമായി പ്രണയത്തിലാവുകയും പ്രവീണില്‍ നിന്നും സ്വയം അകലാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തില്‍ അമര്‍ഷം തോന്നിയ പ്രവീണ്‍ സുഹാസിയെ ഭീഷണിപ്പെടുത്താനാരംഭിച്ചു.
സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ഐടിപിഎല്‍ മെയിന്‍ റോഡ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത് സുഹാസിയോട് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭീഷണിയും സമ്മര്‍ദ്ദവും താങ്ങാനാവാതായതോടെ സുഹാസി വരുന്നവഴി, സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി ഹോട്ടലിലെത്തി സ്വയം തീകൊളുത്തുകയായിരുന്നു. സുഹാസിയെ ബാത്റൂമിലേക്ക് കൊണ്ടുപോയി തീയണയ്ക്കാന്‍ പ്രവീണ്‍ ശ്രമിച്ചെങ്കിലും ഗുരുതരമായ തോതില്‍ പൊള്ളലേറ്റ സുഹാസി മരിച്ചു. സംഭവത്തില്‍ പ്രവീണിനെ പൊലീസ് അറസ്റ്റ് ചെയ്തു.