TOPICS COVERED

മുംബൈയിലെ ഫ്ലാറ്റില്‍‌വച്ച് നടന്‍ സെയ്‌ഫ് അലി ഖാനെ കുത്തിയ കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന ഇവരെ മധ്യപ്രദേശില്‍ നിന്നും ചത്തീസ്‌ഗഡില്‍ നിന്നും ആണ്  പിടികൂടിയത്. പലതവണ വേഷം മാറിയ അക്രമി ട്രെയിനില്‍  രക്ഷപ്പെട്ടെന്നാണ് സൂചന. അതേസമയം, മകനെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും വീട്ടില്‍ മോഷണം നടന്നിട്ടില്ലെന്നും നടന്‍റെ ഭാര്യ കരീന കപൂര്‍ മൊഴി നല്‍കി.

നടന്‍റെ ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങിയ അക്രമി ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ എത്തുംമുന്‍പ് പലതവണ വേഷം മാറി. ദാദറിലെ മൊബൈല്‍ കടയില്‍‌ നിന്ന് ഹെഡ്ഫോണ്‍ വാങ്ങി. പിന്നീട് ട്രെയിന്‍ കയറി വീരാര്‍ ഭാഗത്തേക്ക് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതി പിന്നീട് ഗുജറാത്തിലേക്ക് കടന്നുവെന്നാണ് സൂചന. കേസില്‍ സംശയിക്കുന്ന ഒരാളെ മധ്യപ്രദേശില്‍ നിന്നും മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ചിത്രവുമായി സാമ്യമുള്ള മറ്റൊരാളെ ചത്തീസ്‌ഗഡില്‍ നിന്ന് റെയില്‍വേ പൊലീസും പിടികൂടിയിട്ടുണ്ട്. ട്രെയിന്‍ യാത്രക്കിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതി സ്ഥിരം കുറ്റവാളിയാണ് എന്ന നിഗമനത്തിലാണ് പൊലീസ്. 35 സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.  അതിനിടെ ഫ്ലാറ്റില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ന‍ടന്‍റെ ഭാര്യ കരീന കപൂര്‍ നല്‍കിയ മൊഴി പുറത്തുവന്നു. മകനെ ആക്രമിക്കാനാണ് അതിക്രമിച്ച് കടന്നയാള്‍ ശ്രമിച്ചത്. കുട്ടിയെയും ഇവരുടെ ആയയെയും പന്ത്രണ്ടാം നിലയിലേക്ക് മാറ്റി സെയ്ഫ് അലി ഖാന്‍ ഒറ്റയ്ക്ക് അക്രമിയെ നേരിട്ടു. അക്രമി ഫ്ലാറ്റില്‍ മോഷണമൊന്നും നടത്തിയിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു. നടനെ രാത്രിയില്‍ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഭജന്‍ സിങ് റാണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഓട്ടോയില്‍ കയറിയപ്പോള്‍ നടനാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും നടനെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നും ഭജന്‍ സിങ് പ്രതികരിച്ചു.

ENGLISH SUMMARY:

Two people have been taken into custody in the case of actor Saif Ali Khan being stabbed in his flat in Mumbai.