ആര്‍.ജി. കാര്‍ പീഡനക്കൊലപാതകത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കാത്തതില്‍ വ്യാപക അതൃപ്തി. പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. വധശിക്ഷ നല്‍കണമെന്നും മറ്റ് പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. വധശിക്ഷ നല്‍കണമായിരുന്നുവെന്ന് ബി.ജെ.പിയും പ്രതികരിച്ചു.
ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ കേസില്‍ പ്രതീക്ഷിച്ച വിധിയല്ല വന്നതെന്ന് എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് ആദ്യം മുതല്‍ ആവശ്യപ്പെട്ടതെന്നും വിധിയില്‍ തൃപ്തയല്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോടതി വിധി ആയതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മമത
തുടക്കംമുതല്‍ സമരരംഗത്തുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനയും വിധിയില്‍ കടുത്ത അതൃപ്തി അറിയിച്ചു. വധശിക്ഷ ഉറപ്പാക്കാന്‍ മേല്‍ക്കോടതികളെ സമീപിക്കുമെന്ന് പറഞ്ഞ ജൂനിയര്‍ ഡോക്ടര്‍മാര്‍ സീല്‍ഡ കോടതിക്ക് പുറത്ത് പ്രതിഷേധമാര്‍ച്ചും നടത്തി. സഞ്ജയ് റോയ് ഒറ്റയ്ക്കല്ല കൃത്യം നടത്തിയതെന്നും മറ്റ് പ്രതികളെക്കൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നീതി നടപ്പാക്കുന്നതിൽ നിയമം പരാജയപ്പെടുന്നുവെന്ന് സി.പി.എം. പി.ബി. അംഗം ബൃന്ദാ കാരാട്ട്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ബംഗാൾ സർക്കാർ പരാജയമെന്ന് ഗവർണർ സി.വി. ആനന്ദബോസ് കുറ്റപ്പെടുത്തി. പൊലീസ് അന്വേഷണത്തിലെ വീഴ്ചയാണ് വധശിക്ഷ ലഭിക്കാത്തതിന് കാരണമെന്ന് വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷ രേഖാ ശര്‍മയും പ്രതികരിച്ചു.