കാരണം കണ്ടെത്താനായിട്ടില്ലാത്ത 17 മരണങ്ങള്‍. മരിച്ചവര്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു എന്നതൊഴിച്ചാല്‍ എന്ത് അസുഖമാണ് പകരുന്നതെന്നോ, മരണകാരണമെന്തെന്നോ കണ്ടെത്താനാകാതെ ആരോഗ്യവകുപ്പും കടുത്ത പ്രതിസന്ധിയില്‍. ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഫസല്‍ ഹുസൈനും ഇയാളുടെ നാലു മക്കളുമാണ് മരണപ്പെട്ടത്. ഡിസംബര്‍ ഏഴിന് നടന്ന ഈ മരണങ്ങളുടെ കാരണം പക്ഷേ കണ്ടെത്താനായിട്ടില്ല. ഈ സംഭവം നടന്ന് 45 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മരണം 17 ആയി. ഇതോടെ ആ ഗ്രാമം അപ്പാടെ കടുത്ത പ്രതിസന്ധിയിലും ഭീതിയിലുമാണ്.
മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള 17 പേരാണ് ഇതുവരെ മരിച്ചത്. ഒരു വിവാഹത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു വിവരവും ലഭ്യമല്ല. പനി, വേദന, ശര്‍ദ്ദി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോട് ആളുകളെ ആശുപത്രിയില്‍ എത്തിക്കുന്നു, ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ മരണപ്പെടുന്നു. ഇതാണ് സ്ഥിതി.
ഫസല്‍ ഹുസൈന്‍ എന്നയാളുടെ മകള്‍ സുല്‍ത്താനയുടെ വിവാഹമായിരുന്നു ഡിസംബര്‍ രണ്ടിന്. വിവാഹച്ചടങ്ങ് കഴിഞ്ഞ് ഡിസംബര്‍ ഏഴിനും എട്ടിനുമായി ഫസലും നാലുമക്കളും മരണപ്പെട്ടു. പിന്നാലെ മുഹമ്മദ് റഫീഖ് എന്നയാളുടെ ഗര്‍ഭിണിയായ ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളും ഉള്‍പ്പെടെ നാല് പേര്‍ സമാന രോഗലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതോടെ ആരോഗ്യവകുപ്പ് വിഷയം ഗൗരവമായെടുത്തു. പനി, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗര്‍ഭിണിയും മൂന്നുമക്കളും മരണപ്പെട്ടു.
റഫീഖും ഫസല്‍ ഹുസൈനും ബന്ധുക്കളാണ്. ഇവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഇത് ഭക്ഷ്യവിഷബാധയാകാം എന്ന സംശയം തോന്നി. എന്നാല്‍ പരിശോധനയില്‍ ഭക്ഷ്യവിഷബാധ കണ്ടെത്താനായില്ല. അസ്ലം എന്നയാളുടെ കുടുംബത്തിലാണ് ഏറ്റവുമൊടുവില്‍ സമാനലക്ഷണങ്ങളുമായി കൂട്ടമരണമുണ്ടായത്. ജനുവരി 12 മുതല്‍ 17 വരെയുള്ള കാലയളവില്‍ അസ്ലമിന്റെ അഞ്ചു മക്കളും അമ്മാവനും അമ്മായിയും അടക്കമുള്ളവര്‍ മരണപ്പെട്ടു.
ഇതോടെ ഗ്രാമീണര്‍ പരിഭ്രാന്തിയിലാണ്. വീടുവിട്ട് പുറത്തിറങ്ങാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ല. കോവിഡിനെക്കാള്‍ ഭീതികരമാണ് ഇവിടെ അവസ്ഥ. ആളുകള്‍ ഒരുമിച്ച് കൂടുന്ന വിവാഹം പോലെയുള്ള പരിപാടികളൊന്നും സംഘടിപ്പിക്കരുതെന്ന് അധികൃതര്‍ ഗ്രാമീണര്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആരോഗ്യവിദഗ്ധര്‍ സ്ഥലത്തെത്തി വെള്ളവും ഭക്ഷവുമടക്കം ചില സാമ്പികളുകള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ചവരുടെ സാമ്പിളുകളില്‍ ചില ‘ന്യൂറോടോക്‌സിനുകള്‍’ കണ്ടെത്തിയതായി ചില റിപ്പോര്‍ട്ടുകളുണ്ട്. പകര്‍ച്ചവ്യാധിയെന്ന് സാധ്യതയും ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രത്യേക സംഘത്തെ നിയോഗിച്ചു. കേന്ദ്രസംഘം ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് ഗ്രാമത്തിലെത്തിയത്. ഇവര്‍ അസുഖം ബാധിച്ച് മരണപ്പെട്ടവരുടെ വീടുകളിലടക്കം സന്ദര്‍ശനം നടത്തി.