ആരതിവിളക്കുകളെ സാക്ഷിയാക്കി സ്ത്രീശാക്തീകരണത്തിന്‍റെ സന്ദേശം നല്‍കി മഹാകുംഭമേളയിലെ സന്ധ്യാ ആരതി. ബനാറസില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് ഇന്നലെ പ്രയാഗ് രാജില്‍ പ്രശസ്തമായ ആരതി നടത്തിയത്.
പെണ്‍ശക്തിയുടെ അഗ്നിജ്വാലകള്‍ ത്രിവേണിയുടെ തീരത്തെ വിസ്മയത്തിലാറാടിച്ച സന്ധ്യയായിരുന്നു ഇന്നലെ. നാഗപടകൊടിവിളക്കുകളില്‍ തെളിയിച്ച ദീപനാളങ്ങള്‍ പെണ്‍കരുത്തിന്റെയും സനാതന ധര്‍മത്തിന്റേയും സമപ്രതീകങ്ങളായിരുന്നു. ഈ മനുഷ്യായുസ്സില്‍ ഇനി അനുഭവവേദ്യമാകാത്ത അനിതരസുന്ദരക്കാഴ്ചക്ക് മഹാകുംഭമേള ഇന്നലെ തട്ടൊരുക്കി.
പെണ്‍കുട്ടികള്‍ ആരതി നടത്തുന്നത് തന്നെ അപൂര്‍വമാണ്. ഇന്ത്യന്‍ വനിതകള്‍ ശക്തരാണ്. ഇന്ത്യന്‍ സംസ്കാരവും ശക്തിമത്താര്‍ന്നതാണ്. മഹാകുംഭമേള ലോകത്തിന് നല്‍കുന്ന സന്ദേശമാണിതെന്ന് ആരതിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഏഴ് പെണ്‍കുട്ടികളാണ് സന്ധ്യാ ആരതി നടത്തിയത്.
പീതവര്‍ണ സാരിയുടുത്ത്, മറാത്തി സ്ത്രീകളെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് പെണ്‍കുട്ടികള്‍ സന്ധ്യാ ആരതി നടത്തിയത്. സ്ത്രീകള്‍ എല്ലാ രംഗത്തും ശോഭിക്കുന്ന ഈ കാലത്ത് ഇത്തരമൊരു കാഴ്ചയില്‍ അമിതകൗതുകമില്ല ഈ പെണ്‍കുട്ടികള്‍ക്ക്,പകരം അവര്‍ ഉറച്ച് പറയുകയാണ് സനാതനധര്‍മ പ്രചാരണത്തിനായിപ്പോലും പുരുഷന് പിറകിലല്ല സ്ത്രീ.