മുളകൊണ്ട് കെട്ടിപ്പൊക്കിയ വേദി പൊളിഞ്ഞുവീണ് ആറ് മരണം. സംഭവത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരുക്ക്. ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നടന്ന ലഡ്ഡു മഹോത്സവത്തിനിടെയാണ് ദാരുണസംഭവം. വേദിയില്‍ ആളുകള്‍ തിങ്ങിക്കയറിയതാണ് അപകട കാരണമെന്ന് പൊലീസ്.

ബാഗ്പത്തിലുള്ള ജെയ്ന്‍ ആരാധനാലയത്തിലാണ് ലഡ്ഡു മഹോത്സവം നടന്നത്. നൂറുകണക്കിന് വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. മുപ്പതിലേറെ വര്‍ഷങ്ങളായി ലഡ്ഡു മഹോത്സവം നടന്നുവരുന്നു. ഇത്തരത്തിലൊരു ദാരുണ സംഭവം ഇതാദ്യമായാണ് എന്ന് സംഘാടകര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ആദിനന്ദയെ പ്രതിനിധാനം ചെയ്താണ് മുളകൊണ്ടുള്ള വേദി കെട്ടിപ്പൊക്കുന്നത്. എല്ലാവര്‍ഷവും ഇത് ചെയ്യാറുള്ളതാണ്. എന്നാല്‍ ഇത്തവണ ലഡ്ഡുവുമായി പുരോഹിതര്‍ കയറിയപ്പോള്‍ വേദി തകര്‍ന്നുവീണു. നൂറു കണക്കിന് വിശ്വാസികളും ഒപ്പമുണ്ടായിരുന്നുവെന്ന് ഭക്തരിലൊരാളായ രാകേഷ് ജെയ്ന്‍ പറഞ്ഞു.

അപകടം നടന്നയുടനെ ആംബുലന്‍സ് അടക്കമുള്ള അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കിയെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടവര്‍ ആശുപത്രി വിട്ടു. ചിലര്‍ ചികിത്സയില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു. ഭക്തര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കണമെന്ന നിര്‍ദേശവും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

ENGLISH SUMMARY:

Six people have died and more than 50 others were injured after a bamboo platform erected during a religious event in Uttar Pradesh's Baghpat collapsed under the weight of the people. According to police, the Jain community in Baraut had organised a 'Laddoo Mahotsav' today and hundreds of people reached a temple to offer laddoo. A bamboo platform had been erected for the devotees. This platform collapsed under the weight of the people.