നന്നായി ശരീരം മറയ്ക്കാത്ത വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് മുബൈയിലെ സിദ്ധിവിനായക ക്ഷേത്രം ട്രസ്റ്റ്. ശരീരം പൂര്‍ണമായും മറയ്ക്കുന്ന തരത്തിലുള്ള, ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ച വസ്ത്രം ധരിച്ചുവേണം അടുത്തയാഴ്ച മുതല്‍ വിശ്വാസികള്‍ ക്ഷേത്രത്തിലെത്താന്‍. അല്ലാത്തപക്ഷം ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല എന്നാണ് അറിയിപ്പ്.
വസ്ത്രധാരണത്തിന്‍റെ പേരില്‍ വിശ്വാസികളടക്കമുള്ളവരില്‍ നിന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്ന് ശ്രീ സിദ്ധിവിനായക ഗണപതി ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി. ആയിരക്കണക്കിന് വിശ്വാസികള്‍ ദിവസവും ദര്‍ശനത്തിനെത്തുന്ന ക്ഷേത്രമാണ്. അതുകൊണ്ടുതന്നെ ഇത്തരം പരാതികള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്വമുണ്ട് എന്നാണ് ക്ഷേത്ര ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇറക്കം കുറഞ്ഞ പാവാട, കീറിയ ട്രൗസറുകളും ജീന്‍സും തുടങ്ങി ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കാണ് വിലക്ക്. ക്ഷേത്രപരിസരം പാവനമായി കാത്തുസൂക്ഷിക്കാന്‍ ഇത്തരം ചില കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. വസ്ത്രധാരണത്തിന്‍റെ പേരില്‍ ഒരു പരാതിയും വിശ്വാസികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. അതിനു വേണ്ടിയാണ് ഈ നീക്കമെന്നും ക്ഷേത്രം ട്രസ്റ്റ് വ്യക്തമാക്കി.