അടിസ്ഥാനസൗകര്യ വികസനം, ഉത്പാദന മേഖല, ഉപഭോഗം വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടലാണ് വ്യാവസായിക മേഖല ആവശ്യപ്പെടുന്നത്. നികുതി ഘടന യുക്തിസഹമാക്കണം. സംരംഭങ്ങളുടെ നടത്തിപ്പ് ചെലവ് കുറയ്ക്കുന്നതിന് നടപടികള്‍ വേണം. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സമഗ്രമായ പദ്ധതികള്‍ ആവശ്യമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വലിയ തൊഴിവസരങ്ങള്‍ സൃഷ്ടിക്കുന്ന റെഡിമെയ്ഡ് വസ്ത്രനിര്‍മാണം, ഫര്‍ണിച്ചര്‍, റിയല്‍ എസ്റ്റേറ്റ്, വിനോദ സഞ്ചാര മേഖല എന്നിവയ്ക്കായി കൂടുതല്‍ പദ്ധതികള്‍ ആവശ്യമാണ്. വിനോദ സഞ്ചാര മേഖലയ്ക്ക് അടിസ്ഥാനസൗകര്യ മേഖലാ പദവി നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.
ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറയ്ക്കുന്നതിനൊപ്പം ആദായനികുതി കുറയ്ക്കണമെന്നും അതുവഴി ഉപഭോഗം ഉയരുമെന്നും വ്യവസായ മേഖല കണക്കുകൂട്ടുന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം കൂട്ടുന്നത് ഗ്രാമീണ മേഖലയ്ക്ക് ഗുണകരമാകും. ഇതുവഴി ഗ്രാമീണമേഖലയിലെ ഉപഭോഗം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും വ്യവസായ സംഘടനകള്‍ പറയുന്നു.