ഗുജറാത്ത് കലാപത്തിന്‍റെ ഇരകള്‍ക്ക് വേണ്ടി പോരാടിയ അതിജീവിത സാക്കിയ ജഫ്രി വിടവാങ്ങി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദില്‍ ആയിരുന്നു അന്ത്യം. കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‍സാന്‍ ജഫ്രിയുടെ ഭാര്യയാണ് സാക്കിയ.
അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ 2002ല്‍ ഉണ്ടായ കൂട്ടക്കൊലയാണ് സാക്കിയ ജഫ്രിയുടെ ജീവിതം തകര്‍ത്തത്. സാക്കിയയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് മുന്‍ എം.പിയുമായ ഇഹ്‍സാന്‍ ജഫ്രി ഉള്‍പ്പടെ 68 പേര്‍ അന്ന് കലാപത്തില്‍ കൊല്ലപ്പെട്ടു. കലാപത്തെ അതിജീവിച്ച സാക്കിയ മറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം നിയമ പോരാട്ടത്തിന് ഇറങ്ങി. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് കലാപത്തില്‍ പങ്കുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിലേക്ക് എത്തിയ ആദ്യ വ്യക്തികളില്‍ ഒരാള്‍.
സുപ്രീം കോടതി കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പ്രത്യേക അന്വേഷണ സംഘം പിന്നീട് മോദിയുടെ പങ്ക് തള്ളി. ഒടുവില്‍ 2022വരെ തുടര്‍ന്ന നിയമപോരാട്ടത്തില്‍ പൂര്‍ണമായി വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കലാപത്തില്‍ ന്യൂനപക്ഷങ്ങള്‍ നേരിട്ട ക്രൂരത ദേശീയതലത്തില്‍ തുറന്നുകാട്ടാന്‍ ഈ ഇടപെടലിലൂടെ കഴിഞ്ഞു. അവസാനം വരെ ഇരകള്‍ക്ക് വേണ്ടി നിലകൊണ്ട് പോരാട്ടത്തിന്‍റെ മുഖമായി മാറിയ വ്യക്തിത്വമാണ് വിടവാങ്ങുന്നത്.