കല്യാണ വീട്ടില്‍ ഭക്ഷണത്തിന്‍റെ പേരില്‍ കൂട്ടത്തല്ല്. ഇതോടെ പൊലീസ് സ്റ്റേഷന്‍ വിവാഹമണ്ഡപമായി. അതിഥികള്‍ക്കു വേണ്ടി കരുതിയ ഭക്ഷണം തികയാതെ വന്നതാണ് പൊരിഞ്ഞ പോരില്‍ കലാശിച്ചത്. വരന്‍റെ ബന്ധുക്കള്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞതോടെ വധു പൊലീസിനെ സമീപിച്ചു. വരനും വിവാഹത്തിന് താല്‍പര്യമുണ്ടെന്ന് അറിയിച്ചതോടെ പൊലീസ് മുന്‍കൈയെടുത്ത് വിവാഹം നടത്തുകയായിരുന്നു.
ഗുജറാത്തിലെ സൂറത്തിലുണ്ടായ സംഭവം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാണ്. വിവാഹത്തിന് മുൻപുള്ള ചടങ്ങുകളെല്ലാം പൂര്‍ത്തിയായിരുന്നു. താലികെട്ടിന് തൊട്ടുമുന്‍പാണ് വിവാഹവേദിയില്‍ കൂട്ടത്തല്ല് നടന്നത്. വരന്‍റെ വീട്ടുകാരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് വിവരമെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു.
വിവാഹം നടത്താന്‍ വരന്‍റെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് വധുവും കുടുംബവും പൊലീസിനോട് സഹായം അഭ്യര്‍ഥിച്ചത്. വരന്‍റെ വീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാൻ പൊലീസ് ശ്രമിച്ചു. പക്ഷേ വിവാഹവേദിയിലേക്ക് മടങ്ങിയെത്തിയാല്‍ അവര്‍ വീണ്ടും പ്രശ്നമുണ്ടാക്കുമോ എന്ന് വധുവിന് സംശയം. ഇതോടെയാണ് സ്റ്റേഷനില്‍ത്തന്നെ വിവാഹം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.