തെലങ്കാനയിലെ നാഗര്‍കര്‍ണൂലില്‍ ജലസേചന പദ്ധതിയുടെ തുരങ്കം തകര്‍ന്ന് അകപ്പെട്ട എട്ടുപേരെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷകള്‍ മങ്ങുന്നു. 40 മീറ്റര്‍ അടുത്തുവരെയെത്തിയ രക്ഷാ സംഘത്തിന് അപകടത്തില്‍പെട്ടവരില്‍ നിന്നും പ്രതീക്ഷ നല്‍കുന്ന പ്രതികരണങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ജീവനോടെ പുറത്തെടുക്കാമെന്ന പ്രതീക്ഷ കുറയുകയാണെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച തെലങ്കാന മന്ത്രിയും വിശദീകരിച്ചു.
എട്ടു ജീവനുകള്‍ ഭൂനിരപ്പില്‍ നിന്നു നാന്നൂറ് മീറ്റര്‍ താഴെയുള്ള തുരങ്കത്തിനുള്ളില്‍ അകപെട്ടിട്ട് ദിവസം മൂന്നാകുന്നു. നാവിക സേനയുടെ മാര്‍ക്കോ കമാന്‍ഡര്‍മാരും കരസേനയിലെ എന്‍ജിനിയറിങ് വിദഗ്ധരും ദുരന്തനിവാരണ സേനാംഗങ്ങളും ഉള്‍പെട്ട ദൗത്യസംഘത്തിന് അപകടമേഖലയിലേക്ക് കടക്കാനായി. 40 മീറ്റര്‍ അടുത്തുവരെയെത്തി. പക്ഷേ പാറതുരക്കുന്ന ബോറിങ് മെഷീനും കോണ്‍ക്രീറ്റ് ഭാഗങ്ങളും കല്ലും ചെളിയുമെല്ലാം കൂടിക്കലര്‍ന്ന് 10 മീറ്റര്‍ വ്യാസമുള്ള തുരങ്കം അടഞ്ഞതോടെ മൂന്നോട്ടുപോകുന്നത് അതീവ ദുഷ്കരമായാണ്.
അകപെട്ടവരുടെ പേരുകള്‍ ഉറക്കെ വിളിച്ചു പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് പ്രതികരണം ഉണ്ടാവുന്നുണ്ടോയെന്ന പരിശോധന പരാജയപെട്ടു. തുടര്‍ന്ന് റോബോട്ടിക് ക്യാമറകളും മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നവരെ കണ്ടെത്തുന്നതില്‍ വിദഗ്ധരായ ഡോഗ് സ്ക്വാഡിനെയും അപകടമേഖലയിലെത്തിച്ചു.
ഉത്തരാഖണ്ഡ് തുരങ്ക അപകടത്തില്‍ തിരച്ചിലില്‍ പങ്കെടുത്ത റാറ്റ് മൈനേഴ്സ് വിഭാഗത്തില്‍പെട്ട ഖനിത്തൊഴിലാളികളും ഇന്നുമുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. ഇവരുടെ സഹായത്തോടെ തകര്‍ന്ന െമഷീനടക്കമുള്ള മാലിന്യങ്ങള്‍ നീക്കുന്നതു തുടരുകയാണ്.