പ്രതീകാത്മക ചിത്രം
ശിവരാത്രിയോട് അനുബന്ധിച്ചുള്ള പൂജകള്‍ക്കായി ക്ഷേത്രത്തിലെ ശ്രീകോവില്‍ തുറന്നപ്പോള്‍ അകത്ത് ശിവലിംഗമില്ല. ക്ഷേത്രത്തിലെ മറ്റെല്ലാ സാധനങ്ങളും യഥാസ്ഥാനത്ത് തന്നെയുണ്ട്. പക്ഷേ ശിവലിംഗം മാത്രം കാണാനില്ല. ഇതോടെ ക്ഷേത്രം ഭാരവാഹികളും ഭക്തരും ഒരുപോലെ അസ്വസ്ഥരായിരിക്കുകയാണ്. ഗുജറാത്തിലെ ദേവഭൂമി ദ്വാരകയിലാണ് സംഭവം.
ശ്രീ ഭവനീശ്വര് മഹദേവ ക്ഷേത്രത്തിലാണ് സംഭവം. അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന കല്യാണ്‍പുര്‍ എന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവലിംഗത്തിനായുള്ള തിരച്ചില്‍ പൊലീസ് വ്യാപിപിച്ചു. ശിവലിംഗം മോഷ്ടിച്ചതാരാണ് എന്ന വിവരമടക്കം അന്വേഷിച്ചു വരുന്നതായി പൊലീസ് വ്യക്തമാക്കി. ശിവലിംഗത്തിന്റെ അടിഭാഗം കടല്‍ തീരത്ത് നിന്ന് കണ്ടെത്തി. ഇതോടെ ശിവലിംഗം കടലില്‍ ഉപേക്ഷിച്ചിരിക്കാം എന്ന സാധ്യത കണക്കിലെടുത്ത് സ്കൂബ ടീമുമായി സഹകരിച്ച് പൊലീസ് കടലിലും തിരച്ചില്‍ തുടരുകയാണ്.
‘രാവിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ നട തുറന്നുകിടക്കുന്നത് കണ്ടു. അകത്തേക്ക് നോക്കിയപ്പോള്‍ ശിവലിംഗം കാണാനില്ല. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ശിവരാത്രി മഹോത്സവത്തിന് തൊട്ടുമുന്‍പ് ഇങ്ങനെ സംഭവിച്ചത് വലിയ വിഷമമാണ് ഉണ്ടാക്കിയിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണിത്. പൂജ മുടങ്ങിയത് മാനസികമായി സങ്കടത്തിലാക്കുന്നുണ്ട്’ എന്ന് പ്രധാന പൂജാരി പ്രതികരിച്ചു.
ക്ഷേത്രത്തില്‍ നിന്ന് മറ്റൊരു വസ്തുവും കളവ് പോയിട്ടില്ല. ശിവലിംഗം മാത്രമായി മോഷണം പോയതില്‍ ദുരൂഹതയുണ്ട്. അന്വേഷിച്ചു വരികയാണ് എന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ആകാശ് ബരസിയ മാധ്യമങ്ങളോട് വ്യക്തമാക്കി. ലോക്കല്‍ ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, ലോക്കല്‍ പൊലീസ് എന്നിങ്ങനെ വ്യത്യസ്ത സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഫോറന്‍സ്ക് വിദഗ്ധരും ശ്വാനസേനയുമടക്കം അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട് എന്നും അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു.