മഹാരാഷ്ട്രയിലെ പുണെയിൽ ബസ് കാത്തുനിന്ന യുവതിയെ ആളൊഴിഞ്ഞ ട്രാൻസ്പോർട്ട് ബസിലേക്ക് വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. പുണെ സ്വർഗേറ്റ് എംഎസ്ആർടിസി ഡിപ്പോയിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. സത്താറയിലേക്ക് പോകാനായി ഡിപ്പോയിൽ ബസ് കാത്തുനിന്ന 26കാരിയെ കണ്ടക്ടർ എന്ന വ്യാജേനയെത്തിയയാള്‍ ബസിലേക്ക് വിളിച്ചു കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്.
സത്താറയിലേക്കുള്ള ബസ് അപ്പുറത്തു നിര്‍ത്തിയിട്ടിട്ടുണ്ടെന്നും താന്‍ കണ്ടക്ടറാണെന്നും ഇയാള്‍ യുവതിയോട് പറഞ്ഞു. ബസില്‍ പക്ഷേ വെളിച്ചമൊന്നുമില്ലല്ലോയെന്നു ചോദിച്ചപ്പോള്‍ യാത്രക്കാരെല്ലാം ഉറങ്ങുകയാണെന്ന് ഇയാള്‍ മറുപടി നല്‍കി. തുടര്‍ന്ന് ബസിലേക്ക് കയറിയ യുവതിയെ ബസിനകത്തേക്ക് വലിച്ചിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഇയാള്‍ സ്ഥലത്തുനിന്നും കടന്നുകളഞ്ഞു.
പ്രതി ദത്താത്രേയ രാംദാസ് ഗാഡെ എന്നയാളെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയ്ക്കായി എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാള്‍ മോഷണക്കേസുകളിലെയും ക്രിമിനല്‍ കേസുകളിലെയും സ്ഥിരം പ്രതിയാണ്. പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. പൂണെ സ്വർഗേറ്റ് എംഎസ്ആർടിസി ഡിപ്പോ ഓഫിസ് ശിവസേന ഉദ്ധവ് വിഭാഗം പ്രവർത്തകർ അടിച്ചുതകർത്തു. ദേശീയ വനിതാ കമ്മിഷൻ ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടി.