കേന്ദ്ര വ്യവസായ സംരക്ഷണ സേന അഥവാ സി.ഐ.എസ്.എഫിന്‍റെ അന്‍പത്തിയാറാം സ്ഥാപകദിനമാണിന്ന്. രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളുടെയെല്ലാം സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫിനെക്കുറിച്ച് വിശദമായി അറിയാം.
വളരുന്ന രാജ്യത്തിന്‍റെ സുരക്ഷാ ആവശ്യങ്ങള്‍ വര്‍ധിച്ചതോടെയാണ് 1969ല്‍ കേന്ദ്ര വ്യവസായ സംരക്ഷണ സേന സ്ഥാപിതമായത്. വിമാനതാവളങ്ങളും, തുറമുഖങ്ങളും മുതല്‍, ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍, ആണവനിലയങ്ങള്‍, വൈദ്യുതി നിലയങ്ങള്‍, ഖനികള്‍, കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങി രാജ്യത്തിന്‍റെ നിലനില്‍പിന് തന്നെ പ്രധാനമായ സ്ഥാപനങ്ങളുടെയെല്ലാം ചുമതല ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള CISFന് കൈമാറി. 2023ലെ പുകയാക്രമണത്തോടെ ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ സുരക്ഷാ ചുമതലയും സിഐഎസ്എഫിനായി. ഡല്‍ഹി പൊലീസും സിആര്‍പിഫും സുരക്ഷയൊരുക്കിയിരുന്ന സ്ഥാനത്ത് ഇന്ന് 2,500ലേറെ സിഐഎസ്എഫ് സേനാംഗങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ശ്രീകോവിലിന് കാവലാകുന്നു.
മുന്‍പ് പാര്‍ലമെന്‍റ് സുരക്ഷാ സേന ചെയ്തിരുന്ന വിവിധ ഉത്തരവാദിത്തങ്ങളാണ് സിഐഎസ്എഫ് ഇപ്പോള്‍ നിറവേറ്റുന്നത്. ഡല്‍ഹി മെട്രോ, പൊതുമേഖല സ്ഥാപനങ്ങള്‍, പൈതൃക സ്മാരകങ്ങള്‍, ജമ്മു കശ്മീരിലെ ജയിലുകള്‍, എന്നിങ്ങനെ CISFന്‍റെ കൈകളില്‍ ഭദ്രമായ സ്ഥാപനങ്ങള്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുണ്ട്. 1969ല്‍ 2,800 പേരുമായി തുടങ്ങിയ സിഐഎസ്എഫില്‍ ഇന്ന് രണ്ട് ലക്ഷത്തിനടുത്ത് അംഗങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ വനിതകള്‍ സേവനം ചെയ്യുന്ന കേന്ദ്രസേനയും സിഐഎസ്എഫ് തന്നെ. ആകെ അംഗബലത്തിന്‍റെ എട്ട് ശതമാനത്തോളമാണ് വനിതകള്‍. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുന്നുണ്ട് കേന്ദ്ര വ്യവസായ സംരക്ഷണ സേന.