ചെന്നൈയില്‍ സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ പാര്‍ട്ടിയുടെ പേരില്‍ നടനും രഷ്ട്രീയനേതാവുമായ വിജയ്ക്കെതിരെ പരാതി. തമിഴ്നാട് സുന്നത്ത് ജമാഅത്താണ് താരത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പരിപാടിയിൽ പങ്കെടുത്തവരിൽ പലരും മദ്യപാനികളും ഗുണ്ടകളുമാണെന്നും അത്തരം ആളുകൾ പുണ്യപരിപാടിയിൽ പങ്കെടുക്കുന്നത് റമസാനിലെ ആചാരങ്ങള്‍ പാലിക്കുന്ന മുസ്ലീങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പൊലീസില്‍ ലഭിച്ച പരാതിയില്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുണ്ടായ അസൗകര്യങ്ങൾക്ക് വിജയ് ഇതുവരെ ക്ഷമാപണം പോലും നടത്തിയിട്ടില്ല എന്നത് ലജ്ജാകരമാണെന്നും സംഘടന പറയുന്നു.
നേരത്തെ സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടികളിലും ആൾക്കൂട്ട നിയന്ത്രണത്തിലെ അപാകതമൂലം ബുദ്ധിമുട്ടുകളുണ്ടായതായി തമിഴ്നാട് സുന്നത്ത് ജമാഅത്ത് പറയുന്നു. ‘ആളുകളെ മനുഷ്യരായി ബഹുമാനിക്കുന്നില്ല, കന്നുകാലികളെപ്പോലെയാണ് കാണുന്നത്, അവരുടെ വികാരങ്ങളെയും ബഹുമാനിക്കുന്നില്ല. പരിപാടിയില്‍ എത്തിയ ആളുകളെ ബഹുമാനിക്കാത്ത ബൗൺസർമാരുമുണ്ട്. അതിനാൽ, വിജയുടെ പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സംഘടന പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചെന്നൈയിലെ റോയപ്പേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു വിജയ് ഇഫ്താർ പരിപാടി സംഘടിപ്പിച്ചത്. 15 പ്രാദേശിക പള്ളികളിൽ നിന്നുള്ള ഇമാമുകളെ ക്ഷണിക്കുകയും ഏകദേശം 3,000 പേർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വിജയ് ഒരു ദിവസം മുഴുവൻ ഉപവാസം അനുഷ്ഠിക്കുകയും നിസ്കാരം നടത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ഇഫ്താർ ചടങ്ങുകളിൽ പങ്കെടുക്കുത്തത്. വൈകുന്നേരത്തെ നിസ്കാരത്തിൽ പങ്കെടുത്ത താരം പ്രവർത്തകരോടൊപ്പം നോമ്പ് തുറക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.