മുഗള്‍ രാജാവായിരുന്ന ഔറംഗസേബിന്‍റെ ശവകുടീരം നീക്കുന്നതിനെ ചൊല്ലി മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം....സംഭാജി നഗറിലുള്ള സ്മാരകം പൊളിക്കണമെന്ന ആവശ്യത്തെ അനുകൂലിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസ് രംഗത്തെത്തി. മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതികരണം.
മറാഠാ–മുഗള്‍ പോരാട്ടങ്ങളില്‍ ഛത്രപതി ശിവാജി മഹാരാജും ഔറംഗസേബും നേര്‍ക്കുനേര്‍ നിന്ന ചരിത്രമാണുള്ളത്. ഇപ്പോള്‍ ഔറംഗസേബിനെ പുകഴ്ത്തിയുള്ള സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അബു അസ്മിയുടെ പ്രതികരണം പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറന്നു. പിന്നാലെ സംഭാജി നഗറിലെ ഔറംഗസേബിന്‍റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമായി. ശിവാജിയുടെ പിന്‍ഗാമിയും ബിജെപി എം.പിയുമായ ഉദയന്‍രാജെ ഭോസാലെയും രാജ് താക്കറെയുടെ എംഎന്‍എസും വിഷയം ഏറ്റെടുത്തു. സര്‍ക്കാര്‍ അനൂകൂലമെങ്കിലും കോണ്‍ഗ്രസിന്‍റെ കാലത്ത് ചരിത്ര സ്മാരകമാക്കിയ ഇവിടം പൊളിക്കുക നിയമപരമായി എളുപ്പമല്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‍നാവിസ്.
മറാഠാ വികാരം ഉള്‍ക്കൊള്ളുന്ന വിഷയമായതിനാല്‍ പ്രതിപക്ഷത്തിന് ഇത് പൂര്‍ണമായി തള്ളാനാകില്ല. സ്മാരകം നിലനില്‍ക്കുന്ന ഔറംഗാബാദിന്‍റെ പേര് അടുത്തിടെ ആണ് സര്‍ക്കാര്‍ സംഭാജി നഗര്‍ എന്ന് മാറ്റിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകം പൊളിക്കുക എളുപ്പമല്ലെന്നും അറിയാം. അതിനാല്‍ ധനഞ്ജയ് മുണ്ടെയുടെ രാജി പോലുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാരിന്‍റെ അടവായി കണ്ട് ആ തരത്തിലുള്ള പ്രതികരണമാണ് കോണ്‍ഗ്രസും ഉദ്ധവ് പക്ഷ ശവസേനയും നടത്തുന്നത്.