ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ വിരാട് കോലി പുറത്തായതിന് പിന്നാലെ ബാലിക കുഴഞ്ഞ് വീണുമരിച്ചെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ആ വാര്‍ത്തയിലെ വാസ്തവം വ്യക്തമാക്കി കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഉത്തർപ്രദേശിലെ ദിയോറിയയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അഭിഭാഷകനായ അജയ് പാണ്ഡെയുടെ മകൾ പ്രിയാൻഷി പാണ്ഡെ കുടുംബത്തോടൊപ്പം മത്സരം കണ്ടുകൊണ്ടിരിക്കെ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. ഫൈനല്‍ മല്‍സരത്തില്‍ വിരാട് കോഹ്ലി ഒരു റണ്ണിന് പുറത്തായപ്പോൾ, പ്രിയാൻഷി കുഴഞ്ഞുവീഴുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചു. എന്നാല്‍ പ്രിയാന്‍ഷിയുടെ മരണത്തിലേക്ക് നയിച്ചത് വിരാട് കോലിയുടെ പുറത്താകല്‍ അല്ലെന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്. പ്രിയാൻഷിയുടെ പിതാവും അയൽക്കാരുമാണ് മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
മത്സരത്തില്‍ ന്യൂസിലന്‍ഡിന്റെ ബാറ്റിങ് കണ്ട ശേഷം താൻ മാർക്കറ്റിലേക്ക് പോയെന്ന് പെണ്‍കുട്ടിയുടെ അച്ഛന് അജയ് പാണ്ഡെ പറഞ്ഞു. ഇന്ത്യ ബാറ്റിങ് ആരംഭിച്ചപ്പോൾ, മകൾ കുടുംബത്തിലെ മറ്റുള്ളവരോടൊപ്പം കളി കാണാൻ ചേർന്നു. പെട്ടെന്ന്, പ്രിയാൻഷി ബോധരഹിതയായി വീണു. കുടുംബാംഗങ്ങൾ ഉടൻ തന്നെ പാണ്ഡെയെ വിവരമറിയിച്ചു.
അദ്ദേഹം വീട്ടിലേക്ക് മടങ്ങി മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും, പ്രിയാൻഷിയെ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടം നടത്താതെ തന്നെ പ്രിയാൻഷിയുടെ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് വിരാട് കോലിയുടെ പുറത്താകലിന് ബന്ധമില്ലെന്നായിരുന്നു അച്ഛന്റെ പ്രതികരണം. മത്സരവും മകളുടെ പെട്ടെന്നുള്ള മരണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദൃക്സാക്ഷിയായ അയൽക്കാരന് അമിത് ചന്ദ്രയും അജയ് പാണ്ഡെയുടെ വാക്കുകൾ ശരിവയ്ക്കുന്നു.
സംഭവം നടക്കുമ്പോൾ താൻ പ്രിയാൻഷിയുടെ വീടിന് പുറത്തുണ്ടായുരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രിയാൻഷിക്ക് ഹൃദയാഘാതം സംഭവിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിക്കറ്റുകള്‍ നഷ്ടമായിരുന്നില്ലെന്നും വിരാട് കോഹ്ലി അതുവരെ ഇന്നിംഗ്സ് ആരംഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.