അമൃത്സറിലെ ഖണ്ട്വാല പ്രദേശത്തെ താക്കൂർ ദ്വാര ക്ഷേത്രത്തിലാണ് ശക്തമായ സ്ഫോടനം ഉണ്ടായത്. ജനൽച്ചില്ലുകൾ തകർക്കുകയും കെട്ടിടത്തിന്റെ ചുവരുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് അജ്ഞാതർ ക്ഷേത്രത്തിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ് രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
പുലർച്ചെ രണ്ട് മണിയോടെ ക്ഷേത്രത്തിലെ പൂജാരിയാണ് ആക്രമണത്തെക്കുറിച്ച് പോലീസിനെ അറിയിച്ചത്. അമൃത്സർ പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ)യുമായി സ്ഫോടനത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.
ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പഞ്ചാബ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെതി. ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിലെ ക്രമസമാധാന നില വഷളാകുന്നതിനെതിരെ കോണ്‍ഗ്രസും ശിരോമണി അകാലിദളും പ്രതികരണവുമായി എത്തി. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണമായി തകര്‍ന്നതിന്റെ തെളിവാണ് ക്ഷേത്രത്തിന് നേരെ നടന്ന സ്ഫോടനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പഞ്ചാബിൽ സമാധാനം തകർക്കാൻ എപ്പോഴും ശ്രമങ്ങളുണ്ടെന്നും എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ക്രമസമാധാനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. പഞ്ചാബ് അസ്വസ്ഥമായ സംസ്ഥാനമായി മാറിയെന്ന് കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പക്ഷേ സംസ്ഥാനത്തെ ക്രമസമാധാന നില നല്ലനിലയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.