ഹരിയാനയിലെ സോണിപത്തിൽ നിന്നുള്ള ബിജെപി നേതാവ് സുരേന്ദ്ര ജവഹര്‍ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി 9:30യോടെയായിരുന്നു സംഭവം. ഭൂമി തർക്കത്തെത്തുടർന്ന് അയൽക്കാരൻ ഒരു കടയ്ക്കുള്ളിൽ വെച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. പ്രതി മോനു അറസ്റ്റിലായി. സുരേന്ദ്ര ജവഹറിന്‍റെ ദേഹത്ത് രണ്ടു വെടിയുണ്ടകള്‍ തറച്ചതായി പൊലീസ് പറഞ്ഞു.
പ്രതി ബിജെപി നേതാവിനെ ഒരു കടയിലേക്ക് തള്ളിയിടുന്നതും തലയ്ക്ക് നേരെ തോക്ക് ചൂണ്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വെടിയേറ്റ സുരേന്ദ്ര ജവഹര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. വെടിയുതിർത്ത ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ മോനുവിന്‍റെ അമ്മാവനിൽ നിന്നും ബിജെപി നേതാവ് ഭൂമി വാങ്ങിയതായി കണ്ടെത്തി. അന്നുമുതൽ, ഭൂമിയെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു, ഭൂമിയിൽ കാലുകുത്തരുതെന്ന് മോനു ജവഹറിന് മുന്നറിയിപ്പ് നൽകി. ഭൂമി തർക്കത്തെ തുടർന്നുണ്ടായ പകയാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവദിവസം പ്രതിയും സുരേന്ദ്ര ജവഹറും തമ്മിൽ വൈകുന്നേരം ഭൂമിയെ ചൊല്ലി വാക്കുതർക്കം നടന്നിരുന്നു. തുടർന്ന് അക്രമാസക്തനായ പ്രതി ഹോളി ആഘോഷത്തിനിടയിലേക്ക് ഇരച്ചുകയറി വെടിയുതിർക്കുകയായിരുന്നു. അക്രമിയിൽ നിന്ന് രക്ഷ നേടാൻ തൊട്ടടുത്തുള്ള കടയിലേക്ക് സുരേന്ദ്ര ജവഹർ ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ പ്രതി വെടിവച്ചു വീഴ്ത്തി. ബിജെപി നേതാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു.