AI Generated Image, പ്രതീകാത്മക ചിത്രം
ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉന്നതസൈനിക ഉദ്യോഗസ്ഥനെതിരെ പീഡനപരാതി. ജൂനിയര്‍ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ഷില്ലോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. ഓഫീസേഴ്സ് മെസ്സിലെ വിരുന്നിനിടെയാണ് ബ്രിഗേഡിയര്‍ മോശമായി പെരുമാറിയതെന്ന് യുവതി പറയുന്നു. മോശം രീതിയിലുളള സംസാരങ്ങളും, അനാവശ്യ സ്പര്‍ശനങ്ങളും ഭീഷണിയുമാണ് ബ്രിഗേഡിയര്‍ക്കെതിരെ ആരോപിക്കപ്പെടുന്നത്.
ബ്രിഗേഡിയറുടെ ഭാഗത്തുനിന്നും പല തവണ മോശം അനുഭവം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഭാര്യ പരാതിപ്പെടുന്നു. മാര്‍ച്ച് 8നുണ്ടായ ദുരനുഭവത്തെക്കുറിച്ച് മാര്‍ച്ച് 10ന് യുവതി പരാതിനല്‍കി. പ്രതിഷേധമറിയിച്ചിട്ടും നിരന്തരം ഉപദ്രവിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. 2024 ഏപ്രില്‍ 13ന് മറ്റൊരു ചടങ്ങില്‍വച്ചും സമാനസംഭവമുണ്ടായിട്ടുണ്ട്. കൊല്ലുംവിധത്തിലുള്ള വസ്ത്രധാരണമാണെന്നുള്‍പ്പെടെയുള്ള മോശം കമന്‍റുകളാണ് അന്ന് തനിക്ക് നേരിടേണ്ടിവന്നതെന്ന് യുവതി വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 13ന് തന്‍റെ ഭര്‍ത്താവിന്‍റെ മുന്‍പില്‍വച്ച് ബ്രിഗേഡിയര്‍ കയ്യില്‍ക്കയറി പിടിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണ് പരാതിനല്‍കാന്‍ വൈകിയതിനു കാരണമെന്നും യുവതി പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മേഘാലയപൊലീസ് അറിയിച്ചു. എന്നാല്‍ ഇന്ത്യൻ സേനയിലെ മുതിർന്ന ഓഫീസറെ കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് ഇന്ത്യൻ സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.