fire-chennai

AI Generated Image

ചാര്‍ജിങ്ങിനിടെ  ഇലക്ട്രിക് ബൈക്കിന് തീപിടിച്ച് ഒന്‍പത് മാസം പ്രായമുളള പിഞ്ചുകുഞ്ഞ് മരിച്ചു. ചെന്നൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അപകടത്തില്‍ കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്ക് സാരമായി പൊളളലേറ്റു. ഞായറാഴ്ച പുല‌ർച്ചെയാണ് അപകടം ഉണ്ടായത്. പൊളളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 

ചെന്നൈ മധുരവയൽ ഭാ​ഗ്യലക്ഷ്മി ന​ഗറിലെ അപ്പാർട്ട്മെന്‍റിലാണ് തീപിടുത്തമുണ്ടായത്. ഗൗതമൻ(​31) ഭാര്യ മഞ്ജു (28) ഇവരുടെ ഒന്‍പത് മാസം പ്രായമുള്ള പെൺകുഞ്ഞ് എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഗൗതമന് 40 ശതമാനവും മഞ്ജുവിന് 15 ശതമാനവും പൊളളലേറ്റു. മഞ്ജു അപകടനില തരണം ചെയ്തു. ഗൗതമന്‍ ഇലക്ട്രിക് മോട്ടോര്‍ മെക്കാനിക്കായി ജോലിചെയ്തു വരികയായിരുന്നു. സംഭവം നടക്കുന്നതിന്‍റെ തലേദിവസം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത ശേഷം കസ്റ്റമറുടെ ഇലക്ട്രിക് ബൈക്ക് ഗൗതമന്‍ ചാര്‍ജിങ്ങിനായി വച്ചു. 

തൊട്ടടുത്ത ദിവസം പുലര്‍ച്ചെ 5.30യോടെ ബൈക്കില്‍ നിന്ന് പുകയും രൂക്ഷ ​​ഗന്ധവും ഉയരുന്നത് കണ്ടാണ് ബൈക്ക് കത്തിയത് ഗൗതമനും കുടുംബവും അറിയുന്നത്. തീയണയ്ക്കാന്‍ ശ്രമിച്ചതും മുകളിലത്തെ നിലയിലുളള മാതാപിതാക്കള്‍ക്കടുത്തേയ്ക്ക് പോകാന്‍ ബൈക്കിനടുത്തുളള സ്റ്റെയര്‍കേസിലേക്ക് കയറിയതുമാണ് മൂവര്‍ക്കും പൊളളലേല്‍ക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിചാരിച്ചതിലും കൂടുതല്‍ തീ ആളിക്കത്തിയത് പൊളളലേല്‍ക്കാന്‍ കാരണമായി. അയല്‍വാസികളാണ് ഇവരെ കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തീപിടുത്തത്തില്‍ വാഹനം പൂർണമായും കത്തിനശിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Electric bike catches fire while charging; nine-month-old dies