ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റേത് ആത്മഹത്യയെന്ന് സി.ബി.ഐ. അന്വേഷണം പൂര്‍ത്തിയാക്കി സി.ബി.ഐ മുംബൈ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മരണത്തില്‍ ഗൂഢാലോചനയില്ലെന്നും നടി റിയ ചക്രവര്‍ത്തിയുടെ പങ്ക് കണ്ടെത്താനായില്ലെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
2020 ജൂൺ 14ന് ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് മുംബൈ പൊലീസ് സുശാന്തിന്റെ സുഹൃത്തുക്കൾ, സിനിമാ പ്രവർത്തകർ, സഹായികൾ തുടങ്ങി ഒട്ടേറെപ്പേരെ ചോദ്യം ചെയ്തിരുന്നു. ആത്മഹത്യയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ, ബിഹാറിലെ കുടുംബാംഗങ്ങൾ കൊലപാതകമാണെന്ന ആരോപണം ഉയർത്തിയതോടെ അവിടത്തെ പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.
നടന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തിയടക്കം ആരോപണവിധേയരായ എല്ലാവരെയും സിബിഐയും വീണ്ടും ചോദ്യംചെയ്തു. കേസ് ദേശീയതലത്തിൽ വിവാദമായതിനു പിന്നാലെ ഡൽഹി എയിംസിലെ ഡോക്ടർമാരുടെ വിദഗ്ധസംഘത്തെ വിശദമായ പരിശോധനയ്ക്ക് നിയോഗിച്ചു. എന്നാൽ, അവർക്കും കൊലപാതകം സംബന്ധിച്ച സൂചനകൾ കണ്ടെത്താനായില്ല. റിയ അടക്കമുള്ളവർ സുശാന്തിനു ലഹരിമരുന്ന് എത്തിച്ചിരുന്നതായി ആരോപണം ഉയർന്നതിനു പിന്നാലെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും (എൻസിബി) കേസില്‍ അന്വേഷണം നടത്തിയിരുന്നു.