അനധികൃത പണം കണ്ടെത്തിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ പരിശോധന നടത്തി സുപ്രീം കോടതി നിയോഗിച്ച ജുഡീഷ്യല്‍ സമിതി. മൂന്നംഗ ജഡ്ജിമാരുടെ സംഘം ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ മൊഴിയും രേഖപ്പെടുത്തിയതായാണ് വിവരം. വര്‍മയെ അലഹാബാദിലേക്ക് സ്ഥലംമാറ്റുന്നതിനെ എതിര്‍ത്ത് അലഹാബാദ് ഹൈക്കോടതി അഭിഭാഷകര്‍ അനിശ്ചിതകാല സമരം തുടങ്ങി.
ഡല്‍ഹി തുഗ്ലക് ക്രസന്‍റിലെ ജസ്്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലാണ് ആഭ്യന്തര അന്വേഷണ സമിതി പരിശോധന നടത്തിയത്. പഞ്ചാബ് - ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ഹിമാചൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സന്ധ്വാലിയ, കർണാടക ഹൈക്കോടതി ജഡ്ജിയും മലയാളിയുമായ അനു ശിവരാമൻ എന്നിവരടങ്ങുന്നതാണ് സമിതി. നോട്ടുകൂമ്പാരം കണ്ടെത്തിയ തീപിടിത്തമുണ്ടായ സ്റ്റോര്‍ റൂം സമിതി പരിശോധിച്ചു. 45 മിനിറ്റോളം വീട്ടില്‍ ചെലവഴിച്ച സമിതി ജസ്റ്റിസ് വര്‍മയുടെ മൊഴിയും രേഖപ്പെടുത്തിയതായാണ് വിവരം. താനോ കുടുംബമോ പണം സൂക്ഷിച്ചിട്ടില്ലെന്നും ഗൂഢാലോചനയുണ്ടെന്നുമാണ് ജഡ്ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റ്സിനോട് വിശദീകരിച്ചത്. ജൂഡീഷ്യല്‍ സമിതിക്ക് നല്‍കിയ വിശദീകരണം നിര്‍ണായകമാവും. സമിതിയിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ജസ്റ്റിസ് വര്‍മയ്ക്കെതിരായ നടപടി തീരുമാനിക്കുക.
യശ്വന്ത് വര്‍മയെ മാതൃ ഹൈക്കോടതിയായ അലഹാബാദിലേക്ക് തിരിച്ചയക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്കെതിരെ അലഹാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകര്‍ പ്രതിഷേധത്തിലാണ്. തീരുമാനം പിന്‍വലിക്കുംവരെ സമരം തുടരാനാണ് ആഹ്വാനം.