ജമ്മു കശ്മീരിൽ രക്തം വീഴ്ത്തി വീണ്ടും പാക് ഭീകരത. കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഡിഎസ്പിയടക്കം ഏഴ് സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്കേറ്റു. രൂക്ഷമായ ഏറ്റുമുട്ടലിൽ ഇതുവരെ മൂന്ന് ഭീകരരെ വധിച്ചു. പരുക്കേറ്റ ജവാൻമാരെ ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാത് ആശുപത്രിയിൽ സന്ദർശിച്ചു. രണ്ട് സംഘമായി അതിർത്തി കടന്നെത്തിയ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്. കരസേന, എന്.എസ്.ജി, ബി.എസ്.എഫ്, സി.ആർ.പി.എഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവർ സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ഒരു കരസേന ജവാനെ ഹെലികോപ്റ്റർ മാർഗം സൈനിക ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ അഞ്ചിനും ഒൻപതിനും ഇടയിൽ ഭീകരർ ഒളിവിൽ കഴിയുന്നതായാണ് നിഗമനം.