കലാപവര്‍ഷം മാറ്റുന്നു, വില്ലന്‍ കഥാപാത്രമായ ബജ്‌രംഗി, അയാളും മുന്നയുമായുള്ള സംഭാഷണങ്ങള്‍ക്ക് വെട്ട് , വില്ലനുള്‍പ്പെട്ട ദൃശ്യങ്ങള്‍ക്കും വെട്ട്. വില്ലന്‍ ബജ്‌രംഗിയായാലും ബല്‍ദേവായാലും ഈ കഥാപാത്രത്തിന് ഒരു റഫറന്‍സ് ഉണ്ടെന്നാണ് സിനിമ കഴിഞ്ഞിറങ്ങുന്നവര്‍ പറയുന്നത്. ആ റഫറന്‍സ് നീളുന്നതാകട്ടെ 2002 ലെ ഗുജറാത്ത് കലാപത്തിലേക്കും. സിനിമയിലെ വില്ലനില്‍ ഗുജറാത്ത് കലാപകാലത്ത് പരാമര്‍ശിക്കപ്പെട്ട ബാബു ബജ്‌രംഗിയെ കണ്ടെത്തുന്നതിലൂടെയാണ‌് എമ്പുരാനിലെ കലാപങ്ങള്‍ക്ക് തുടക്കമാകുന്നത്.
ആരാണ് ബാബു ബജ്‌രംഗി?
2002 ഫെബ്രുവരി 28 ലെ നരോദ ഗാം കൂട്ടക്കോലയില്‍ 11പേരെയാണ് ചുട്ടുകൊന്നത്. ആ കൂട്ടക്കൊലയുടെ സൂത്രധാരനായി അന്ന് ആരോപിക്കപ്പെട്ടത് ബജ്റംഗദള്‍ നേതാവായ ബാബു ബജ്‌രംഗി എന്ന ബാബുഭായ് പട്ടേലാണ്. അന്നത്തെ കലാപത്തെ കുറിച്ച് ബാബു ബജ്‌രംഗി പറഞ്ഞ വാക്കുകളുണ്ട്...
‘മുസ്‌ലിംകളെ തുരത്തി ഒരു കുഴിയിലെത്തിച്ചു. ഭയന്നുവിറച്ച അവ൪ പരസ്പരം കെട്ടിപ്പിടിച്ചുനിൽക്കുകയായിരുന്നു. അവരുടെ മേൽ പെട്രോളും ഡീസലും ഒഴിച്ചു. ടയറുകൾ കത്തിച്ച് അവ൪ക്കുമേൽ ഇട്ടു’.
നരോദ ഗാമിൽ അന്ന് മൂന്നു സ്ത്രീകളും ഒരു പെൺകുട്ടിയും ഏഴു പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. നരോദ ഗാമില്‍ നിന്ന് ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള നരോദ പാട്യയിലായിരുന്നു ഗുജറാത്ത് കലാപത്തിനോടനുബന്ധിച്ച് നടന്ന ഏറ്റവും വലിയ കൂട്ടക്കൊല നടന്നത്.
2002 ഫെബ്രുവരി 27-ന്, സബർമതി എക്സ്പ്രസില്‍ 59 യാത്രക്കാർ ഗോധ്രയില്‍ വെന്തുമരിച്ചതില്‍ നിന്നാണ് കലാപങ്ങളുടെ തുടക്കം. കര്‍സേവകര്‍ ഉള്‍പ്പെട്ട ട്രെയിനിന് മുസ്‌ലിംകള്‍ തീയിട്ടെന്ന വാര്‍ത്ത പരന്നതോടെ അത് ഗുജറാത്തില്‍ ഒരു കലാപത്തിന് വഴിതുറന്നു . വ്യാപകമായി കലാപം പൊട്ടിപ്പുറപ്പെട്ടു . ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു, 200,000-ലധികം പേർ വീടുവിട്ടോടി. ഒട്ടേറെ സ്ത്രീകള്‍ കൂട്ട ബലാല്‍സംഗത്തിനിരയായി.
സബര്‍മതി എക്സ്പ്രസിന് തീയിട്ടതിന്‍റെ പിറ്റേദിവസമായിരുന്നു നരോദ പാട്യയിലെ കൂട്ടക്കൊല. ഇതിന്‍റെ ആസൂത്രകനായിരുന്നു ബാബു ബജ്‍രംഗി. 97 മനുഷ്യരെ അക്രമിസംഘം കൂട്ടക്കൊല ചെയ്തു. നരോദ പാട്യ കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട് 2007 ൽ തെഹൽക്ക ബജ്‍രംഗിയുമായി ഒരു ഒളിക്യാമറ അഭിമുഖം നടത്തി. നരോദ പാട്യ കൂട്ടക്കൊലയില്‍ തനിക്കുള്ള പങ്കിനെക്കുറിച്ച് ബജ്‍രംഗി ഈ അഭിമുഖത്തില്‍ തുറന്നുപറയുന്നുണ്ട്.
‘മുസ്‍ലിംകളുടെ ഒരു കട പോലും ഒഴിവാക്കിയില്ല, എല്ലാം നശിപ്പിച്ചു, തീയിട്ടു. എനിക്ക് അവസാനമായി ഒരു ആഗ്രഹമേയുള്ളൂ… എന്നെ വധശിക്ഷയ്ക്ക് വിധിക്കട്ടെ. എന്നെ തൂക്കിലേറ്റിയാലും പ്രശ്‌നമില്ല. കൊല്ലുന്നതിനുമുന്‍പ് എനിക്ക് രണ്ട് ദിവസം തരണം. ഞാൻ ജുഹാപുരയിലേക്ക് പോകും. ആ ദിവസം ആഘോഷിക്കാന്‍. ഏഴോ എട്ടോ ലക്ഷം മുസ്‍ലിംകള്‍ അവിടെയുണ്ട്. അവരെ ഞാന്‍ അവസാനിപ്പിക്കും. കുറേപ്പേര്‍ കൂടി മരിക്കട്ടെ…’ ഒരു ഭാവഭേദവുമില്ലാതെയായിരുന്നു ബജ്‍രംഗിയുടെ വാക്കുകള്‍.
2012 ല്‍ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ പ്രത്യേക കോടതി ബാബു ബജ്‍രംഗിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ബാബു ബജ്‌രംഗിയും ഗുജറാത്ത് മന്ത്രി മായ കോഡ്‌നാനിയും ഉൾപ്പെടെ 86 പേരായിരുന്നു പ്രതികൾ. കൂട്ടക്കൊല നടന്ന് എട്ട് വർഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് 2019ല്‍ സുപ്രീംകോടതി ബജ്‍രംഗിക്ക് ജാമ്യം അനുഭവിച്ചു. 2016 വരെ, സ്വന്തം അനാരോഗ്യവും ഭാര്യയുടെ അനാരോഗ്യവും ചൂണ്ടിക്കാട്ടി ഇയാള്‍ 14 തവണ ജാമ്യത്തിലിറങ്ങി.
പെണ്‍കുട്ടികള്‍ സ്വന്തം സമുദായത്തിന് പുറത്ത് വിവാഹം കഴിക്കുന്നത് തടയാന്‍ ബാബു ബജ്‍രംഗി നവചേതൻ ട്രസ്റ്റ് എന്ന പേരിൽ ഒരു സംഘടനയും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മിശ്രവിവാഹങ്ങള്‍ എന്തുവിലകൊടുത്തും ഇല്ലാതാക്കാന്‍ ബജ്‍രംഗി ശ്രമിച്ചിരുന്നതായി ഫ്രണ്ട്‌ലൈൻ മാസിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. എഴുന്നൂറിലധികം മിശ്രവിവാഹങ്ങള്‍ തടഞ്ഞുവെന്ന ബജ്‍രംഗിയുടെ അവകാശവാദവും ഫ്രണ്ട് ലൈന്‍ റിപ്പോര്‍ട്ടിലുണ്ട്.
നരോദ ഗാം കൂട്ടക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും 2023 ഏപ്രിലില്‍ കോടതി വെറുതേവിട്ടു. ആരും കുറ്റക്കാരല്ലെങ്കിൽ പിന്നെ ആരാണ് 11 പേരെ ചുട്ടുകരിച്ചതെന്ന ചോദ്യം അവശേഷിക്കുന്നു. ബജ്‌രംഗി ബല്‍ദേവ് ആയി പുതിയ എമ്പുരാന്‍ എത്തുമ്പോഴും ഈ റഫറന്‍സുകള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും.