വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ . നിയമഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുസ്‍ലും ലീഗിന്‍റെയും സമസ്തയുടെയും അടക്കം നിരവധി ഹര്‍ജികള്‍ കോടതിക്ക് മുന്നിലുണ്ട്. നിയമം ദേശീയ ദുരന്തമാണെന്നും മുനമ്പം പ്രശ്നം സംസ്ഥാനത്ത് പരിഹരിക്കണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാവിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിനുമുന്നില്‍ വഖഫ് ഹര്‍ജികള്‍ പരാമര്‍ശിച്ചത്. അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. മുസ്‌ലിംലീഗ്, സമസ്ത, കോൺഗ്രസ് എം.പി മുഹമ്മദ് ജാവേദ്, ആം ആദ്മി പാർട്ടി എം.എല്‍.എ അമാനത്തുള്ള ഖാൻ, AIMIM അധ്യക്ഷന്‍ അസദുദീന്‍ ഒവൈസി തുടങ്ങിയവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മുസ്‌ലിം ലീഗിന്‍റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കരുതെന്നാണ് ലീഗിന്‍റെ നിലപാടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. നിയമഭേദഗതി മുസ്‌ലിം സമുദായത്തിന് ദേശീയ ദുരന്തമാണെന്നും മുനമ്പം അടക്കമുള്ള പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കാവുന്നതാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു
രാവിലെ കപില്‍ സിബലുമായി കുഞ്ഞാലിക്കുട്ടിയടക്കം ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തി. അതിനിടെ വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരായ നടപടി യുപി പൊലീസ് തുടരുകയാണ്. വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് അന്തരിച്ച പ്രശസ്ത കവി മുനവർ റാണയുടെ മകൾ സുമയ്യ റാണ ആരോപിച്ചു. മണിപ്പൂരിൽ വഖഫ് നിയമത്തെ പിന്തുണച്ച ബിജെപി ന്യൂനപക്ഷ മോർച്ച അധ്യക്ഷൻ അസ്കർ അലിയുടെ വീട് ഒരു സംഘം ആളുകൾ ആക്രമിച്ചു.