മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണ ഇന്ത്യയുടെ കസ്റ്റഡിയില്‍. റാണയെ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയെന്ന് യു.എസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടില്ല.
റാണയുടെ കൈമാറ്റം മുംബൈ ഭീകരാക്രണ ഗൂഢാലോചയുടെ അന്വേഷണത്തില്‍ നിര്‍ണായകമാവും. രാജ്യത്തെ നടുക്കിയ ഏറ്റവുംമാരകമായ ഭീകരാക്രമണത്തിലെ ഗൂഢാലോചനക്കുറ്റവാളി 17 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കൈകളിലെത്തിയിരിക്കുകയാണ്. പാക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയുടെ അപ്പീല്‍ തിങ്കളാഴ്ച യു.എസ് സുപ്രീം കോടതി തള്ളിയതോടെയാണ് കൈമാറ്റത്തിന് കളമൊരുങ്ങിയത്. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ മേല്‍നോട്ടത്തിലാണ് നടപടിക്രമങ്ങള്‍. മൂന്നു മുതിർന്ന എൻഐഎ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം യു.എസില്‍നിന്ന് റാണയുമായി ഇന്ത്യയിലേക്ക് തിരിച്ചു. എത്തിച്ചാലുടന്‍ കോടതിയില്‍ ഹാജരാക്കി ചോദ്യംചെയ്യലിനായി എന്‍.ഐ.എ കസ്റ്റഡിയിലേക്ക് മാറ്റും. ഡല്‍ഹി തിഹാര്‍ ജയിലിലും മുംബൈ ആർതർ റോഡ് ജയിലിലും റാണയെ പാര്‍പ്പിക്കാന്‍ കനത്തസുരക്ഷയും മറ്റുക്രമീകരണങ്ങളുമൊരുക്കി. ആര്‍തര്‍ റോഡ് ജയിലിലാണ് അജ്മൽ കസബിനെയും പാർപ്പിച്ചിരുന്നത്.
64 കാരനായ റാണയ്ക്ക് മുംബൈ ഭീകരാക്രണക്കേസിലെ പ്രധാന പ്രതി പാക്-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി അടുത്തബന്ധമുണ്ട്. ആക്രമണത്തിനായി ലഷ്‌കർ-ഇ-തൊയ്ബയുമായി ചേര്‍ന്ന് ഇരുവരും ഗൂഢാലോചന നടത്തിയെന്നും റാണ ഭീകരര്‍ക്ക് സഹായം ചെയ്തെന്നുമാണ് കണ്ടെത്തല്‍. കേസില്‍ 2009 ൽ ഷിക്കാഗോയിൽവച്ച് എഫ്ബിഐയാണ് റാണയെ അറസ്റ്റ് ചെയ്തത്. റാണയെ ചോദ്യംചെയ്താല്‍ ഭീകരാക്രമണത്തില്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്കിനെക്കുറിച്ചടക്കം നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. റാണയുടെ കൈമാറ്റം ഇന്ത്യയ്ക്ക് നയതന്ത്ര വിജയവും സുരക്ഷകാര്യങ്ങളിലെ ഇന്ത്യ -യുഎസ് സഹകരണത്തില്‍ നിര്‍ണായക ചുവടുമാണ്. ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ മുഖ്യപ്രതി പാക്ക് ഭീകരൻ അജ്മൽ കസബിനെ 2012 ല്‍ തൂക്കിലേറ്റിയിരുന്നു.