mumbai-rape

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും, പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാല്‍സംഗ ശ്രമമല്ലെന്ന വിധിക്ക് പിന്നാലെ വീണ്ടും വിവാദ പ്രസ്​താവനയുമായി അലഹബാദ് ഹൈക്കോടതി. ബലാല്‍സംഗ പരാതി നല്‍കിയ ഇര പ്രശ്നം ക്ഷണിച്ചുവരുത്തിയതാണെന്നും അതുകൊണ്ട് സംഭവിച്ചതിന് ഉത്തരവാദിയാണെന്നുമാണ് കോടതി പറഞ്ഞത്. 

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കുമാർ സിങ്ങാണ് കേസ് പരി​ഗണിച്ചത്. എംഎ വിദ്യാർഥിനിയായിരുന്ന യുവതി ഡൽഹിയിൽ പേയിങ് ​ഗസ്റ്റായി താമസിക്കുകയായിരുന്നു. 

സെപ്റ്റംബർ 21 ന്, യുവതിയും സുഹൃത്തുക്കളും ഹൗസ് ഖാസിലെ ഒരു റെസ്റ്റോറന്റിൽ പോയി. പുലർച്ചെ 3 മണി വരെ മദ്യപിച്ചു. ഇതിനിടയ്ക്ക് പ്രതി ഒപ്പം വരാനായി യുവതിയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. മദ്യലഹരിയിൽ മടക്കയാത്ര ബുദ്ധിമുട്ടായിരുന്നതിനാൽ പ്രതിയുടെ വീട്ടിൽ പോയി താമസിക്കാൻ യുവതി തന്നെ സമ്മതിക്കുകയായിരുന്നു. എന്നാല്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം യുവതിയെ ബന്ധുവിന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി രണ്ടുതവണ ബലാല്‍സംഗം ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. യാത്രക്കിടെ മോശമായി സ്​പരിശിച്ചെന്നും പരാതിയില്‍ പറയുന്നു. 

ഇരയുടെ ആരോപണങ്ങള്‍ ഇനി ശരിയാണെങ്കിലും പ്രശ്​നങ്ങള്‍ അവര്‍ ക്ഷണിച്ചുവരുത്തിയതാണെന്നും സംഭവിച്ചതില്‍ ഇരയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. വൈദ്യപരിശോധനയില്‍ യുവതിയുടെ കന്യാചര്‍മം നഷ്​ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലൈംഗികാതിക്രമത്തെ പറ്റി ഡോക‌്​ടര്‍ ഒന്നും പറഞ്ഞില്ല. എംഎ വിദ്യാര്‍ഥിനി എന്ന നിലയ്​ക്ക് തന്‍റെ പ്രവര്‍ത്തിയുടെ ധാര്‍മികതയും പ്രാധാന്യനും തിരിച്ചറിയാന്‍ യുവതിക്കാവണമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

The Allahabad High Court has once again stirred controversy with a recent statement, suggesting that the victim in a rape complaint had invited the situation and was therefore responsible for what occurred. The court made this remark while granting bail to the accused in a case registered in September last year.