ഇന്ത്യവഴി മറ്റുരാജ്യങ്ങളിലേക്ക് ചരക്കെത്തിക്കാന്‍ ബംഗ്ലദേശിന് അനുവദിച്ചിരുന്ന സംവിധാനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് ബംഗ്ലദേശ് ഇടക്കാല സര്‍ക്കാര്‍ മേധാവി നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് നിര്‍ണായക നീക്കം. ബംഗ്ലദേശിന് കനത്ത തിരിച്ചടിയാണ് തീരുമാനം
ഇന്ത്യയിലേക്ക് കരമാര്‍ഗം ചരക്കെത്തിച്ച് തുറമുഖങ്ങളും വിമാനത്താവളവും വഴി മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താന്‍ ബംഗ്ലദേശിന് അനുവദിച്ചിരുന്ന സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്,. ഇതോടെ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലേക്കുള്ള ബംഗ്ലദേശിന്‍റെ ചരക്കുനീക്കം ചെലവേറിയതാവും. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ ചുറ്റപ്പെട്ടതാണെന്നും കടല്‍ സുരക്ഷയില്‍ ബംഗ്ലദേശ് മാത്രമാണ് നിര്‍ണായകമെന്നും ചൈനീസ് സന്ദര്‍ശനത്തിനിടെ ഇടക്കാല സര്‍ക്കാര്‍ മേധാവി മുഹമ്മദ് യൂനുസ് പറഞ്ഞിരുന്നു. ഈ സാഹചര്യം സാമ്പത്തിക വിപുലീകരണത്തിനായി ചൈന ഉപയോഗപ്പെടുത്തണമെന്നും യൂനുസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നത്. എന്നാല്‍ ഇന്ത്യന്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും തിരക്കേറിയതിനാലാണ് തീരുമാനം എന്നാണ് ഔദ്യോഗിക വിശദീകരണം
ദിവസവും 20 മുതല്‍ 30 വരെ ബംഗ്ലദേശ് ട്രക്കുകളാണ് ഡല്‍ഹിയില്‍ എത്തിയിരുന്നത്. ഈ വഴി അടയുന്നതോടെ ബംഗ്ലദേശില്‍നിന്ന് നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളിലേക്ക് ചരക്കെത്തിക്കാന്‍ സമയവും ചെലവും വര്‍ധിക്കും.