ആര്‍ത്തവ സമയത്ത് വിദ്യാര്‍ഥിനിയെ ക്ലാസിന് പുറത്തിരുത്തി പരീക്ഷ എഴുതിച്ചത് വിവാദത്തില്‍. കോയമ്പത്തൂര്‍, കിണത്തുകടവ് , സെങ്കുട്ടായി പാളയം ഗ്രാമത്തിലെ സ്വാമി ചിദ്ഭവന്ദ മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ക്ലാസിലേക്കുള്ള പടിക്കെട്ടിലിരുന്ന് വിദ്യാര്‍ഥിനി പരീക്ഷയെഴുതുന്ന വിഡിയോ പുറത്തുവന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അരുന്ധതിക്കാണ് ഈ അവഗണന. പരീക്ഷയ്ക്കിടെ സ്കൂളിലെത്തിയ പെണ്‍കുട്ടിയുടെ അമ്മയാണ് വിഡിയോ പകര്‍ത്തിയത്.
ഏപ്രില്‍ അഞ്ചിന് ആര്‍ത്തവമായതിന് പിന്നാലെ സ്കൂളിലെത്തിയ വിദ്യാര്‍ഥിനിയെ രണ്ടുപരീക്ഷകളെഴുതാന്‍ സ്കൂള്‍ മാനേജ്മെന്‍റ് അനുവദിച്ചില്ല. ഇക്കാര്യം കുട്ടി രക്ഷിതാക്കളെ അറിയിച്ചു. മുന്നാമത്തെ പരീക്ഷാദിനം കുട്ടിക്കൊപ്പം അമ്മയും സ്കൂളിലെത്തി. ക്ലാസിനുള്ളില്‍ കയറ്റാതെ കുട്ടിയെ പുറത്തിരുത്തി പരീക്ഷയെഴുതിക്കുന്നത് അമ്മ മൊബൈലില്‍ പകര്‍ത്തി. ഈ വിഡിയോ അവര്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് അയച്ചുകൊടുത്തു.
സ്കൂൾ മാനേജ്മെന്‍റിന്‍റെ ഉത്തരവാദിത്വരാഹിത്യത്തിനെതിരെ നടപടി എടുക്കണെന്നും അമ്മ ആവശ്യപ്പെട്ടു. സ്കൂൾ മാനേജ്മെന്‍റിന്‍റെ നടപടിക്കെതിരെ കലക്ടര്‍ക്ക് പരാതി കൊടുക്കുമെന്ന് പ്രദേശവാസികളും പറഞ്ഞു.