nda-anna-dmk

തമിഴ്നാട്ടില്‍ വീണ്ടും അണ്ണാ ഡി.എം.കെ. – ബിജെപി സഖ്യം. അടുത്തവര്‍ഷത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയും ബിജെപിയും തമിഴ്നാട്ടില്‍ ഒന്നിച്ച് മല്‍സരിക്കും. നൈനാര്‍ നാഗേന്ദ്രനാകും തമിഴ്നാട്ടില്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍.

ഒരിടവേളയ്ക്ക് ശേഷം തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയും ബിജെപിയും കൈ കോര്‍ക്കുന്നു. ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനായി എടപ്പാടി പളനിസാമിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഒന്നിച്ചാണ് എത്തിയത്. എടപ്പാടി തിരഞ്ഞെടുപ്പ് നയിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുമെന്നും അമിത് ഷാ . സീറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. 

2023 സെപ്തംബറില്‍ അണ്ണാമലൈ നടത്തിയ പ്രസ്താവനകളില്‍ പ്രതിഷേധിച്ചാണ് അണ്ണാ ഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടത്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയപ്രകടനം അണ്ണാ ഡിഎംകെയെ എന്‍ഡിഎ സഖ്യത്തില്‍ തിരിച്ചെത്തിക്കണമെന്ന തീരുമാനത്തിന് ബിജെപിയെ നിര്‍ബന്ധിതമാക്കി.  തമിഴ്നാട്ടില്‍ ബിജെപിക്ക് ഇത്രമാത്രം ഇംപാക്ട് ഉണ്ടാക്കിയ നേതാവായിട്ട് പോലും അണ്ണാമലൈയ്ക്ക് സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടമായത് അണ്ണാ ഡിഎംകെയുമായി സഖ്യം രൂപീകരിക്കുന്നതിന് വേണ്ടിയാണ്. 

തിരുനെല്‍വേലി എംഎല്‍എയും ബിജെപിയുടെ നിയമസഭാകക്ഷി നേതാവുമായ നൈനാര്‍ നാഗേന്ദ്രനാകും പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍.  നൈനാര്‍ നാഗേന്ദ്രന്‍ മാത്രമാണ് ഇന്ന് നാമനിര്‍ദേശപത്രിക നല്‍കിയത്. അണ്ണാമലൈ അടക്കം 10 നേതാക്കള്‍ പിന്തുണച്ചു. ഇതോടെ സഖ്യം യാഥാര്‍ഥ്യമായി. ഒപിഎസ് അടക്കമുള്ളവരെ സഖ്യത്തില്‍ എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ

അണ്ണാമലൈ ദേശീയ നേതൃത്വത്തിലേക്ക് എന്ന സൂചനയും അമിത് ഷാ നല്‍കി. അണ്ണാമലൈയുടെ സംഘടനാ ശേഷി ദേശീയ തലത്തില്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം എക്സില്‍ കുറച്ചു. വാര്‍ത്താസമ്മേളത്തില്‍ എടപ്പാടി ഒരു വാക്ക് പോലും സംസാരിച്ചില്ല. തിരഞ്ഞെടുപ്പിന് ഒരുപാട് നേരത്തെ സഖ്യം പ്രഖ്യാപിച്ചതിലൂടെ ഡിഎംകെയെ സമ്മര്‍ദത്തിലാക്കുക തന്നെയാകും ലക്ഷ്യം.

ENGLISH SUMMARY:

In Tamil Nadu, the AIADMK and BJP have renewed their alliance and will contest together in the upcoming Assembly elections. The two parties have decided to join forces once again after a period of separation. Nainar Nagendran has been appointed as the new BJP state president in Tamil Nadu.