ഇന്ന് ലോക തെരുവുകുട്ടികളുടെ ദിനം. തെരുവിലേക്ക് എറിയപ്പെടുന്ന ബാല്യങ്ങള്‍ കടന്നുപോകുന്നത് നമ്മുടെയെല്ലാം ചിന്തക്കതീതമായ സാഹചര്യങ്ങളിലൂടെയാണ്. ഡല്‍ഹിലെ തെരുവുകളിലെ കുട്ടി കൂട്ടം അവരുടെ വേദന സ്വയം ലോകത്തോട് വിളിച്ചുപറയാന്‍ പറയാന്‍ തുടങ്ങിയിട്ട് 22 വര്‍ഷം പിന്നിടുകയാണ്. ബാലക്നാമ എന്ന പത്രം ഒരുവിധത്തില്‍ പറഞ്ഞാല്‍ തെരുവിലെ കുഞ്ഞുങ്ങളുടെ കാവല്‍ മാലാഖയാണ്.
റെയിൽപാളത്തിൽ ജീവിതമവസാനിപ്പിച്ചവരുടെ ചോരയില്‍ മുങ്ങിയ ചിന്നിതറിയ ശരീരഭാഗങ്ങള്‍ ഞങ്ങളെകൊണ്ട് പൊലീസ് എടുപ്പിച്ചു. അത് ചെയ്തത് പേടിച്ച് വിറച്ചായിരുന്നു. റെഡ്ലൈറ്റുകളില്‍ പേനയും ഇയര്‍ ബഡ്സും വില്‍ക്കുന്നതിനിടെ പണം ചോദിച്ച് പലരും വന്ന് മര്‍ദ്ദിച്ചു.അവശരായി കിടന്നപ്പോള്‍.. ബ്ലേഡ് കൊണ്ട് ശരീരം മുറിച്ചു. ചോദിച്ച പണം ഭിക്ഷയെടുത്ത് നല്‍കാത്തതിന് കാലൊടിച്ചു. ഇങ്ങിനെ പോകുന്നു ഒരോ മാസവും പുറത്തിറങ്ങുന്ന തെരുവുകുട്ടികളുടെ പത്രമായ ബാലക്നാമയിലെ വെഴിപ്പെടുത്തലുകള്. പലതിലും സര്‍ക്കാരും ബാലാവകാശ കമ്മീഷനും ഇടപെട്ടു. നിത്യജീവിതത്തില്‍ അനുദിനം അനുഭവിക്കുന്ന ഭീതിതമായ വേദനകളെ കുറിച്ച് അതേ തീവ്രതയോടെ അവര്‍ക്കപ്പുറം ആര്‍ക്ക് പറയാനാകും.
തെരുവുകുട്ടികൾ പുറത്തിറക്കുന്ന ലോകത്തിലെ ഏക പത്രം. ബാലക്നാമ എന്നാല്‍ കുട്ടികളുടെ ശബ്ദമെന്നര്‍ത്ഥം. ഹിന്ദിയിലും ഇംഗ്ലിഷിലുമായി പുറത്തിറക്കുന്ന ബാലക്നാമയുടെ എഡിറ്റർ മുതൽ റിപ്പോര്‍ട്ടൾ വരെ എല്ലാവരും തെരുവില്‍ നിന്നുള്ളവര്‍. സന്നദ്ധ സംഘടനയായ ചേത്‌ന, പ്രാഥമിക വിദ്യാഭ്യാസം നൽകാനായി 2002ല്‍ 35 കുട്ടികളെ തിരഞ്ഞെടുത്തതോടെയാണ് ബാലക്നാമ എന്ന ആശയം പിറക്കുന്നത്. ഏഴോളം നഗരങ്ങളിലായി ആയിരത്തോളം കുട്ടി റിപ്പോര്‍ട്ടര്‍മാരാണ് പത്രത്തിനിന്നുളളത്. പതിനായിരത്തിലധികം വായനക്കാരും. ഓരോ ലേഖകരും അവരവരുടെ പ്രദേശത്തെ തെരുവുകുട്ടികളെ മാസത്തിലൊരിക്കല്‍ കണ്ടിരിക്കണം. പത്രവിതരണം റിപ്പോര്‍ട്ടറുടെ ചുമതലയാണ്. തെരുവുകുട്ടികളെ കണ്ടെത്തി അവര്‍ക്ക് പത്രം നല്‍കി വാര്‍ത്തകള്‍ അറിയിക്കണം. ബാക്കിയുള്ളവ പൊതുസ്ഥത്ത് വച്ച് താലപര്യമുള്ളവര്‍ക്ക് നല്‍കും.