വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ബംഗാളില്‍ 3 മരണം. നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്നും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ഥിച്ചു. മൂർഷിദാബാദിൽ കേന്ദ്രസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ബി.ജെ.പി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർദ്ദേശം.
വഖഫ് ഭേദഗതി നിയമത്തിനെതിരെ ഇന്നലെ പ്രതിഷേധവും സംഘര്‍ഷവുമുണ്ടായ സംസേര്‍ഗഞ്ച് മേഖലയിലെ ജാഫ്രാബാദിലാണ് ഇന്ന് 3 പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ അച്ഛനും മകനും ഉള്‍പ്പെടുന്നു. വീട്ടിനകത്ത് കുത്തേറ്റ നിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരുസംഘം ആളുകള്‍ വീട്ടില്‍ കയറി അക്രമം നടത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ധുലിയാനില്‍ പൊലീസിന് പുറമെ ബി.എസ്.എഫിനെയും സുരക്ഷയ്ക്കായി വിന്യസിച്ചു. ഇന്‍റര്‍നെറ്റ് നിരോധനം തുടരുകയാണ്. മുര്‍ഷിദാബാദ്, മാള്‍ഡ, സൗത്ത് 24 പര്‍ഗനാസ്, ഹൂഗ്‌ളി ജില്ലകളില്‍ പൊലീസ് വ്യാപക പരിശോധന നടത്തി.
സംസ്ഥാനത്ത് വഖഫ് നിയമം നടപ്പാക്കില്ലെന്നാവര്‍ത്തിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മതത്തിന്‍റെ പേരില്‍ ആരും അക്രമങ്ങള്‍ നടത്തരുത് എന്നും അഭ്യര്‍ഥിച്ചു. പൊലീസിന് സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും കേന്ദ്രസേനയെ വിന്യസിക്കണം എന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയാണ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.