ക്ഷേത്രത്തിന്റെ ഗേറ്റ് തുറന്നില്ലെന്നാരോപിച്ച് മുപ്പതോളം പേര്‍ ചേര്‍ന്ന് പൂജാരിയെ തല്ലിച്ചതച്ചു. ക്ഷേത്രകവാടം അടയ്ക്കുന്ന സമയം കഴിഞ്ഞിട്ട് പ്രവേശനം നടത്തണമെന്നാവശ്യപ്പെട്ടാണ് സംഘം ആക്രമിച്ചത്. മധ്യപ്രദേശിലെ ദേവാസില്‍ മാതാ തെക്രി ക്ഷേത്രത്തിലാണ് സംഭവം. വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടടുത്താണ് ആക്രമണം നടന്നത്.
സംഭവത്തെക്കുറിച്ച് ക്ഷേത്രപൂജാരി പറയുന്നതിങ്ങനെയാണ്, ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ ജിതു രഘുവംശി എട്ടുപത്തു കാറുകളില്‍ മുപ്പതോളം ആളുകളുമായി അര്‍ധരാത്രിയോടെ ക്ഷേത്രത്തിലെത്തുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നു. പൂജകളും ദര്‍ശനവും സമാപിച്ച ശേഷം 12.40ന് ക്ഷേത്ര കവാടം അടച്ചിരുന്നു, അതിനുശേഷമാണ് ജിതുവും സംഘവുമെത്തുന്നത്. ക്ഷേത്രം തുറന്നുനല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞു. ഗേറ്റ് തുറന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു– പൂജാരി പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.
ക്ഷേത്രത്തിന്റെ പരിസരത്തുള്ള അമ്പതോളം സിസിടിവി കാമറകള്‍ പരിശോധിച്ചു വരികയാണെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെന്നും സിറ്റി പൊലീസ് സൂപ്രണ്ട് ദിനേഷ് അഗ്രവാള്‍ പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനാണ് ആക്രമണത്തിന് നേതൃത്വം വഹിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.