ANI Photo/NIA
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയുടെ ശബ്ദസാംപിള്‍ ശേഖരിക്കാൻ എന്‍ഐഎ. കോള്‍ റെക്കോര്‍ഡുകളിലെ ശബ്ദം തിരിച്ചറിയാനാണ് സാംപിള്‍ ശേഖരിക്കുന്നത്. ഇതിനായി സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറി വിദഗ്‌ധര്‍ എന്‍ഐഎ ആസ്ഥാനത്തെത്തും. മുംബൈ ഭീകരാക്രമണത്തിലെ ദുബായ് ഗൂഢാലോചന കണ്ടെത്തുകയാണ് എന്‍ഐഎയുടെ ലക്ഷ്യങ്ങളിലൊന്ന്. ഇന്നലെ പത്ത് മണിക്കൂറോളം ചോദ്യംചെയ്ത റാണയ്ക്ക് ജയിലില്‍ ഖുറാനും പേപ്പറും പേനയും അനുവദിച്ചിരുന്നു.
ബെംഗളൂരു സ്ഫോടന പരമ്പര കേസിലും കേരളത്തില്‍നിന്ന് യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്ത കേസിലും തഹാവൂർ റാണയിൽനിന്ന് എൻഐഎ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഈ രണ്ട് കേസിലും റാണയ്ക്കുള്ള പങ്ക് എന്‍ഐഎയ്ക്ക് നേരത്തെ അറിവുള്ളതാണ്. കേരളത്തില്‍നിന്ന് നാല് യുവാക്കള്‍ കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കേരളത്തിലെയും കര്‍ണാടകയിലെയും ഈ കേസുകളില്‍ സംസ്ഥാന ഏജന്‍സികള്‍ക്കും റാണയെ ചോദ്യംചെയ്യാന്‍ അവസരം ലഭിച്ചേക്കും.
2008 നവംബര്‍ 14 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ കൊച്ചി, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളിൽ തഹാവൂര്‍ റാണ സന്ദര്‍ശനം നടത്തിയിരുന്നു. 2006നും 2008നും ഹെഡ്‌ലിക്കൊപ്പവും അല്ലാതെയും റാണ നടത്തിയ സന്ദർശനങ്ങളുടെ ലക്ഷ്യം ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റും ലക്ഷ്യസ്ഥാനങ്ങൾ നിശ്ചയിച്ച് നൽകലുമായിരുന്നുവെന്നാണ് നിഗമനം. റാണയെയും ഹെഡ്‌ലിയേയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ ഡൽഹിയിലെത്തിച്ച് റാണയ്ക്കൊപ്പമിരുത്തി ചോദ്യംചെയ്യും. ചോദ്യംചെയ്യലിനോട് റാണ സഹകരിക്കുന്നില്ല എന്നാണ് വിവരം. റാണയെക്കുറിച്ച് എഫ്ബിഐ നൽകിയ വിവരങ്ങളും എൻഐഎ പരിശോധിക്കുന്നുണ്ട്. ഐബിയിലെ ഉന്നതരും എൻഐഎ ആസ്ഥാനത്തുണ്ട്.
മുംബൈ ഭീകരമാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഡേവിഡ് ഹെഡ്‌ലിയുടെ ബാല്യകാല സുഹൃത്താണ് തഹാവൂര്‍ റാണ. പാക്ക് ആര്‍മിയില്‍ ഡോക്ടറായി ജോലി ചെയ്ത റാണ പിന്നീട് കാനഡയിലേക്ക് താമസം മാറുകയും കനേഡിയന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു നീണ്ടനാളത്തെ നയതന്ത്ര പ്രവര്‍ത്തനങ്ങളുടേയും നിയമനടപടികളുടേയും ഇന്റലിജന്‍സ് ശ്രമങ്ങളുടേയും അമേരിക്കയുമായി ചേര്‍ന്ന് നടത്തിയ ഏകോപനത്തിന്റേയും ഫലമായി റാണയെ ഇന്ത്യയിലെത്തിച്ചതായി എന്‍ഐഎ സ്ഥിരീകരിച്ചത്.