നീണ്ട പതിനേഴു വര്‍ഷത്തെ നയതന്ത്രനീക്കത്തിനു ശേഷം ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളായ തഹാവൂര്‍ റാണയ്ക്ക് ജയിലില്‍ ഖുറാനും പേപ്പറും പേനയും അനുവദിച്ചു. ഇന്നലെ പത്ത് മണിക്കൂറോളം ചോദ്യംചെയ്ത റാണ പേന കൊണ്ട് സ്വയം മുറിവേല്‍പ്പിക്കാതിരിക്കാന്‍ പ്രത്യേക നിരീക്ഷണവും എന്‍ഐഎ നടത്തുന്നുണ്ട്.
അതേസമയം എന്‍ഐഎയുടെ ചോദ്യങ്ങളോട് ഭാഗികമായി മാത്രമാണ് തഹാവൂര്‍ റാണ പ്രതികരിക്കുന്നത്. ചോദ്യംചെയ്യലില്‍ തൃപ്തിയില്ലെന്ന് ഇന്നലെ എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഇന്നും റാണയെ ചോദ്യംചെയ്യുന്നുണ്ട്. റാണ ദുബായില്‍വച്ച് കണ്ടത് ആരെയാണെന്ന് തിരിച്ചറിയാനുള്ള ശ്രമമാണ് ഇപ്പോള്‍ എന്‍ഐഎയുടെ ശ്രമം. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പ്രധാനിയാണ് ദുബായിലെ വ്യക്തിയെന്നാണ് സൂചന.
അതിനിടെ കേസിലെ അഞ്ജാതനായ സാക്ഷിയെ അതീവരഹസ്യമായി എന്‍ഐഎ ഡല്‍ഹിയിലെത്തിച്ചു. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെയും റാണയുടെയും സുഹൃത്താണ് ഈ സാക്ഷിയെന്നാണ് വിവരം. കോടതി രേഖകളില്‍ പോലും ഇല്ലാത്ത ഈ സാക്ഷിയെ ഐഎസ്ഐയോ, തീവ്രവാദസംഘടനകളോ ലക്ഷ്യമിട്ടേക്കാം എന്ന നിഗമനത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഉചിതമായ ദിവസവും സാഹചര്യവും നോക്കി റാണയ്ക്കൊപ്പം ഇരുത്തി സാക്ഷിയെ ചോദ്യം ചെയ്യും.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു നീണ്ടനാളത്തെ നയതന്ത്ര പ്രവര്‍ത്തനങ്ങളുടേയും നിയമനടപടികളുടേയും
ഇന്റലിജന്‍സ് ശ്രമങ്ങളുടേയും അമേരിക്കയുമായി ചേര്‍ന്ന് നടത്തിയ ഏകോപനത്തിന്റേയും ഫലമായി റാണയെ ഇന്ത്യയിലെത്തിച്ചതായി എന്‍ഐഎ സ്ഥിരീകരിച്ചത്. ഇതിനെച്ചൊല്ലി ബിജെപി–കോണ്‍ഗ്രസ് നേതാക്കള്‍ അവകാശവാദങ്ങളും ഉന്നയിച്ചിരുന്നു.