കര്‍ണാടക ഹുബ്ബള്ളിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അടിയന്തരമായി നഷ്ടപരിഹാരം അനുവദിച്ചത്. അതേസമയം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശിയെ വെടിവച്ചുകൊന്ന വനിതാ എസ്.ഐയ്ക്ക് വീരപരിവേഷമാണിപ്പോള്‍. പെണ്‍കുട്ടിയുടെയും വെടിവയ്പ്പില്‍ കൊലപ്പെട്ടയാളുടെയും പോസ്റ്റ് മോര്‍ട്ടം ഇന്നുണ്ടാകും.
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതി.
സംഭവത്തിൽ, ബിഹാർ സ്വദേശിയായ റിതേഷ് കുമാർ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വനിതാ എസ്.ഐയ്ക്ക് വെടിയുതിർക്കേണ്ടി വന്നത്. പ്രതിയെ ഏറ്റുമുട്ടലിൽ വെടിവെച്ചുകൊന്ന എസ്ഐയെ അഭിനന്ദിക്കുന്ന പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിലാകെ.
പൊലീസെത്തിയപ്പോൾ പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് നാട്ടുകാർ ഷെഡിലേക്ക് ഓടിക്കയറിയത്. ആ സമയത്ത് പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു.
വീടിന് മുന്നിൽ നിന്ന് കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. "പട്നയിൽ നിന്നുള്ളയാളാണ് പ്രതി. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കൊണ്ടുപോകുന്നത് വ്യക്തമാണ്. 2, 3 മാസമായി അയാൾ നഗരത്തിൽ താമസിക്കുകയും, വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. നിർമ്മാണ മേഖലയിലും ഹോട്ടലുകളിലും അയാൾ ജോലി ചെയ്തിരുന്നു. പ്രതിയുടെ പശ്ചാത്തലത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ ഒരു സംഘത്തെ പട്നയിലേക്ക് അയച്ചിട്ടുണ്ട്". - ഹുബ്ബാലി പൊലീസ് വ്യക്തമാക്കുന്നു.