കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ കാറിലകപ്പെട്ടുപോയ രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ദമര്‍ഗിഡയിലാണ് സംഭവം. നാലും അഞ്ചും വയസുള്ള കുട്ടികളെയാണ് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്‍മയി (5), അഭിനയ ശ്രീ(4) എന്നിവരാണ് മരിച്ചത്.
കുടുംബത്തിലെ വിവാഹച്ചടങ്ങിനായി മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടികള്‍. സഹോദരപുത്രിമാരായ ഇരുവരും മുറ്റത്തു കളിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് 12മണിയോടെയാണ് ഇരുവരും കാറിനുള്ളില്‍ കയറിയത്. തിരക്കിനിടെ കുട്ടികള്‍ ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് കുട്ടികളെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് രണ്ട് മണിയോടെ ഇരുവരേയും കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.