ബഹുമുഖ വെല്ലുവിളികളാണ് ഇന്ത്യ നേരിടുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എന്നാൽ, ഏത് സാഹസത്തേയും നേരിടാൻ സേനകൾ പൂർണ സജ്ജമെന്നും ദ് വീക് മാഗസീന്‍റെ ആദ്യ ഡിഫൻസ് കോണ്‍ക്ലേവ് ഡൽഹിയിൽ ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിങ് പറഞ്ഞു. തിയറ്റർ കമാൻഡ് യാഥാർഥ്യമാക്കാനുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന പ്രഖ്യാപനവും രാജ്നാഥ് സിങ് നടത്തി.
ആഭ്യന്തര ഉൽപ്പാദനം ഉയർത്തിക്കൊണ്ട് പ്രതിരോധ സേനകളെ സർവ സജ്ജരാക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. യുദ്ധോപകരണങ്ങളുടെ ഇറക്കുമതി കാലക്രമേണ പൂർണമായി ഇല്ലാതാക്കും. ഒരുകാലത്ത് ഇന്ത്യയ്ക്ക് സാങ്കേതികവിദ്യകൾ നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ലോകത്തെ 100 രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ പ്രതിരോധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുകയാണെന്നും രാജ്നാഥ് സിങ്.
അഗ്നിവീർ പദ്ധതി സേനയിൽ യുവത്വം കൊണ്ടുവന്നു. അതിർത്തി കാക്കുന്ന ജവാൻമാരുടെ കയ്യിൽ ഇന്ന് അത്യാധുനിക ആയുധങ്ങളുണ്ട്. വനിതകളുടെ പ്രാതിനിധ്യം സേനയിൽ ഉയരുകയാണെന്നും ഹിമാലയൻ മലനിരകളിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ന് വനിതകൾ രാജ്യത്തിന്റെ അതിര് കാക്കുന്നുവെന്നും പ്രതിരോധമന്ത്രി. ദ് വീക് മാഗസീന്‍റെ ആദ്യ ഡിഫന്‍സ് കോണ്‍ക്ലേവാണ് ഡൽഹി മനേക്ഷാ സെന്‍ററിലേത്. വിവിധ സെഷനുകളില്‍ പ്രതിരോധ രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്നു.